മാർ പുന്നക്കോട്ടിലിനെതിരേയുള്ള കേസ് പിൻവലിക്കാൻ തീരുമാനം
Thursday, April 17, 2025 2:09 AM IST
തിരുവനന്തപുരം/ കോതമംഗലം: ആലുവ-മൂന്നാര്‍ രാജപാത പൊതുജനങ്ങൾക്ക് തുറന്നുനൽകണമെന്നാവശ്യപ്പെട്ടു നടത്തിയ ജനമുന്നേറ്റയാത്രയിൽ പങ്കെടുത്തതിന് കോതമംഗലം രൂപത മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ളവർക്കെതിരേ വനംവകുപ്പ് ചുമത്തിയ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനം.
വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ വ്യവസായമന്ത്രിയുടെ ചേംബറിൽ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു.
സമരവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും പിന്‍വലിക്കും. ആലുവ-മൂന്നാര്‍ രാജപാത സംബന്ധിച്ച പരാതിയില്‍ തര്‍ക്കങ്ങളും വസ്തുതകളും പരിശോധിച്ചു സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കി നല്‍കുന്നതിന് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്മെന്റ്) രാജേഷ് രവീന്ദ്രനെ യോഗം ചുമതലപ്പെടുത്തി. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
മാര്‍ച്ച് 16ന് പൂയംകുട്ടിയില്‍നിന്നു രാജപാതയിലൂടെ നടന്ന ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്തതിന്റെ പേരിലാണ് കോതമംഗലം രൂപത മുന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ഡീന്‍ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍, വൈദികർ എന്നിവരുൾപ്പടെ 23 പേർക്കെതിരേ വനംവകുപ്പ് കേസെടുത്തത്.
വനഭൂമിയിൽ അതിക്രമിച്ചു കടന്നു എന്നതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിൽ മൂവായിരത്തോളം പേർ പങ്കെടുത്തിരുന്നു.
മന്ത്രി എ.കെ. ശശീന്ദ്രന്, ആന്റണി ജോണ്‍ എംഎല്‍എ, കോതമംഗലം രൂപത വൈദികൻ ഫാ. അരുണ്‍ വലിയതാഴത്ത്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി. കൃഷ്ണന്, ഡിസിഎഫ്എം വിജി കണ്ണന് എന്നിവരും പങ്കെടുത്തു.