ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാക്കൾ മരിച്ചു
Thursday, April 17, 2025 2:08 AM IST
മുണ്ടക്കയം: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം പാറേലമ്പലം സ്വദേശികളായ കല്ലുതൊട്ടിപുരയിടം അനിൽകുമാർ - സജിത ദമ്പതികളുടെ മകൻ അരുൺ (22), ചെറുതോട്ടയിൽ പരേതനായ അനിയൻ - ജോളി ദമ്പതികളുടെ ഏക മകൻ അഖിൽ (24) എന്നിവരാണ് മരിച്ചത്.
മുണ്ടക്കയം - കോരുത്തോട് റോഡിൽ വണ്ടൻപതാൽ മൂന്നുസെന്റ് നഗറിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
മുണ്ടക്കയത്തുനിന്നും കോരുത്തോട് റൂട്ടിൽ രണ്ട് കാറുകളെ മറികടന്ന് പോകുവാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുത പോസ്റ്റിലും മതിലിലും ഇടിച്ച് മറിയുകയായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.
സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് പോകും വഴിയാണ് അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.