വന്യജീവികൾക്കു മുന്നിൽ പകച്ച് കേരളം; 15 വർഷത്തിനിടെ കൊല്ലപ്പെട്ടത് 1575 പേർ
Thursday, April 17, 2025 2:09 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ വന്യജീവി ആക്രമണം കുറയ്ക്കുന്നതിനായി വനം വകുപ്പ് കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണം ഓരോ വർഷവും ഭീതിജനകമായി കൂടുന്നു.
10 വർഷത്തിനുളളിൽ വന്യജീവി ആക്രമണം കുറയ്ക്കുന്നതിനായി ചെലവഴിച്ചത് 240.20 കോടി രൂപയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ഐഡിഡബ്ല്യുഎച്ച് പ്രകാരമാണ് ഇത്രയും തുക ചെലവഴിച്ചത്. ഇതു കൂടാതെ കിഫ്ബി മുഖേന ചെലവഴിച്ചതു വേറെയും.
എന്നാൽ, 2010 മുതൽ 2025 വരെയുള്ള കാലയളവിൽ 1575 പേരാണ് വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇരുന്നൂറോളം മനുഷ്യജീവനാണ് പൊലിഞ്ഞത്. ഈ വർഷം ആദ്യ മൂന്നു മാസത്തിനുള്ളിൽ മാത്രം 18 പേർ കൊല്ലപ്പെട്ടു.
2015ൽ നാലു കോടി രൂപ വന്യജീവി ആക്രമണം കുറയ്ക്കുന്നതിനായി മാറ്റിവച്ചപ്പോൾ 2020ൽ അത് 24 കോടിയായി ഉയർന്നു. എന്നാൽ, 2024ൽ അത് 48 കോടി ആയിട്ടാണ് ഉയർത്തിയത്. വൻതോതിൽ ഫണ്ട് ചെലവഴിച്ചപ്പോഴും അത് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നതാണ് പൊതുവായ വിമർശനം.
വന്യജീവി ആക്രമണം മൂലം പരിക്കേറ്റവരുടെ എണ്ണവും വൻതോതിലാണ് ഉയരുന്നത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 10,752 പേർക്കാണ് വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ പലരും ചലനശേഷി വരെ നഷ്ടമായി ദയനീയ ജീവിതം നയിക്കുന്നു.
വന്യജീവി ആക്രമണത്തിൽ 2010ൽ 73 പേർക്ക് പരിക്കേറ്റ സ്ഥാനത്ത് 2023-24 വർഷത്തിൽ 1603 ആയി ഉയർന്നു. 2024-25 വർഷത്തിൽ ജനുവരി 31 വരെ 1235 പേർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നവരുടെ ബന്ധുക്കൾക്ക് ചെറിയ സാന്പാത്തികസഹായം നല്കി പ്രതിഷേധങ്ങൾക്ക് താത്കാലിക ശമനമുണ്ടാക്കുക മാത്രമാണ് അധികാരികൾ ചെയ്യുന്നത്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നതിൽ കൂടുതലും കർഷകരും ആദിവാസികളുമാണ്.
വന്യജീവി ആക്രമണം നേരിടുന്നതിനായി വിപുലമായ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. 2023-24 വർഷത്തിൽ 84 കിലോമീറ്റർ സൗരോർജവേലി, 112 കിലോമീറ്റർ സൗരോർജ തൂക്കുവേലി, ആനക്കിടങ്ങുകൾ, ആനപ്രതിരോധ മതിലുകൾ തുടങ്ങിയവ സ്ഥാപിച്ചെന്ന അവകാശവാദമാണ് വനംവകുപ്പ് മുന്നോട്ടു വയ്ക്കുന്നത്. വനത്തിനുള്ളിൽ 2023-24ൽ 103 ബ്രഷ് വുഡ് ചെക്കുഡാമുകൾ പുതുതായി നിർമിച്ചുവെന്നും അവകാശപ്പെടുന്നു.
100 കോടിയുടെ കിഫ്ബി പദ്ധതിയും നടപ്പാക്കുന്നതായാണ് വനംവകുപ്പിന്റെ അവകാശവാദം.എന്നാൽ, ഇത്തരം പദ്ധതികൾ നടപ്പാക്കുന്നുവെന്ന് അവകാശപ്പെടുന്പോഴും വന്യജീവി ആക്രമണത്തിൽ വൻ വർധനയാണ് ഓരോ വർഷവും ഉണ്ടാകുന്നത്.
സംസ്ഥാനത്ത് വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായിട്ടുള്ളത് 36 പഞ്ചായത്തുകളിലാണ്. 273 ഹോട്ട്സ്പോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. 26 ദ്രുതകർമസേനയും 10 മിഷനുകളും പ്രവർത്തിക്കുന്പോഴും വന്യജീവി ആക്രമണത്തിൽ മാത്രം ഒരു കുറവുമില്ല.