ദേശീയ പാത വികസനത്തിന് കായൽ മണ്ണ്
Thursday, April 17, 2025 2:08 AM IST
തിരുവനന്തപുരം: ദേശീയ പാതയുടെ വിവിധ ഭാഗങ്ങളുടെ വികസനത്തിന് കായല്‍ മണ്ണ് നൽകാൻ മന്ത്രിസഭാ തീരുമാനം. 11 സ്ഥലങ്ങളില്‍ നിന്ന് വിപണിമൂല്യമില്ലാത്ത ചെളിയും മണ്ണുമാണ് ഡ്രഡ്ജ് ചെയ്ത് ഉപയോഗിക്കാന്‍ ദേശീയ പാത അഥോറിറ്റിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ഏജന്‍സികള്‍ക്ക് അനുമതി നൽകുക.
ഏജന്‍സികള്‍ക്ക് നൽകുന്ന അവകാശങ്ങള്‍ സംബന്ധിച്ച കരട് നയരൂപരേഖ മന്ത്രിസഭ അംഗീകരിച്ചു. ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് വിപണിമൂല്യമില്ലാത്തതാണെന്നും മണലും മറ്റ് ധാതുക്കളുമില്ലെന്നും ഉറപ്പാക്കിയാണ് കൈമാറുക. ഡ്രഡ്ജിംഗിനും മറ്റുമുള്ള ചെലവ് കരാര്‍ കമ്പനികളാകും വഹിക്കുക.
ആദ്യഘട്ടത്തില്‍ ചേറ്റുവ, കോട്ടപ്പുറം, പറവൂര്‍, വേമ്പനാട്, അഷ്ടമുടി തുടങ്ങിയ കായലുകളില്‍ നിന്നാകും ഡ്രഡ്ജിംഗ്. കുട്ടനാട്ടിലെയും മറ്റും കൃഷിക്കും പരിസ്ഥിതിക്കും കോട്ടം വരാത്തരീതിയിലാകും.
വേമ്പനാട്ട് കായലില്‍നിന്നും മറ്റുമുള്ള ഡ്രഡ്ജിംഗ്. കാലങ്ങളായി അഴിമുഖങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും വെള്ളത്തിന്റെ ഒഴുക്കിനെയും മറ്റും ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലുമുണ്ട്. 20 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് വേണ്ടി വരും.