മാര്‍ പുന്നക്കോട്ടിലിനെതിരേയുള്ള കേസ് പിന്‍വലിച്ചതു സ്വാഗതാര്‍ഹം: കോതമംഗലം രൂപത
Thursday, April 17, 2025 2:08 AM IST
കോതമംഗലം: ആലുവ -മൂന്നാര്‍ രാജപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് പൂയംകുട്ടിയില്‍ നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം രൂപത മുന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ക്കും വൈദികര്‍ക്കും പ്രദേശവാസികള്‍ക്കും എതിരേ വനംവകുപ്പ് ചുമത്തിയ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിൽ.
കേസ് പിന്വലിച്ചതുപോലെതന്നെ ഈ രാജപാതയെ സംബന്ധിച്ച വസ്തുതകള്‍ പഠിക്കുന്നതിനായി ഉയര്‍ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതും രൂപത പ്രതീക്ഷയോടെ നോക്കിക്കാണുന്നു.
ജനവികാരം മാനിച്ചും വസ്തുതകള്‍ മനസിലാക്കിയുമുള്ള ഈ നടപടിക്കു നേതൃത്വം നല്കിയ മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും വനംമന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും രൂപത നന്ദി പറയുന്നു. ഈ നടപടിപോലെതന്നെ ജനവികാരവും ജനങ്ങളുടെ ആവശ്യവുമുള്ക്കൊണ്ട് പഴയ ആലുവ -മൂന്നാര്‍ റോഡ് തുറന്നുകിട്ടുമെന്നാണ് പ്രതീക്ഷ.
ബഹുജന പ്രക്ഷോഭത്തിൽ അണിനിരന്ന രൂപതയിലെ എല്ലാ വൈദികരുടെയും സമര്‍പ്പിതരുടെയും വിശ്വാസികളുടെയും നാനാജാതി മതസ്ഥരുടെയും കൂട്ടായ്മയുടെ വിജയംകൂടിയാണു സർക്കാർ തീരുമാനം. പ്രശ്നത്തിന്റെ ഗൗരവം പൊതുസമൂഹത്തില്‍ ചർച്ചയ്ക്കെത്തിച്ച മാധ്യമങ്ങളുടെ ഇടപെടലുകൾക്കും നന്ദിയറിയിക്കുന്നു. ഉന്നതതല ചര്‍ച്ചയ്ക്ക് വഴിതെളിച്ച മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ, ആന്റണി ജോൺ എംഎല്‍എ, രൂപത പ്രതിനിധി ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത് എന്നിവരുടെ ആത്മാര്‍ഥമായ ഇടപെടലുകളെ അഭിനന്ദിക്കുന്നതായും രൂപത കാര്യാലയം അറിയിച്ചു.