എസ്എഫ്ഐഒ റിപ്പോര്‍ട്ട്; കേസെടുക്കാന്‍ ഉത്തരവിട്ട നടപടിയില്‍ തത്സ്ഥിതി തുടരാന്‍ നിര്‍ദേശം
Thursday, April 17, 2025 2:09 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ പ്രതിയായ സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) നല്കിയ അന്വേഷണറിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ ഉത്തരവിട്ട പ്രത്യേക കോടതിയുടെ നടപടിയില്‍ തത്സ്ഥിതി തുടരാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം.
കേസിലെ എതിര്‍കക്ഷികള്‍ക്കു സമന്‍സ് അയയ്ക്കുന്നതടക്കം വിചാരണക്കോടതിയായ കൊച്ചിയിലെ അഡീഷണൽ സെഷന്‍സ് കോടതി നടപടികള്‍ ഇതോടെ നിർത്തിവയ്ക്കണം. കേസില്‍ തങ്ങളെ കേള്‍ക്കാതെയാണു കേസെടുക്കാന്‍ നിര്‍ദേശിച്ചതെന്നു ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ ഇടക്കാല ഉത്തരവ്.
കേസെടുക്കാന്‍ ഉത്തരവിടും മുമ്പ് പ്രത്യേക കോടതി എതിര്‍കക്ഷികളെ കേള്‍ക്കേണ്ടതുണ്ടോ എന്ന നിയമപ്രശ്നത്തില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. രണ്ടു മാസത്തേക്ക് തത്സ്ഥിതി തുടരാനാണു നിര്‍ദേശം.
പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ നാഗരിക സുരക്ഷ സംഹിത പ്രകാരം കേസെടുക്കാന്‍ ഉത്തരവിടുന്നതിനുമുന്‍പ് എതിര്‍കക്ഷികളെയും കേള്‍ക്കേണ്ടതുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍, എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയത് ബിഎന്‍എസ്എസ് നിലവില്‍ വരുന്നതിനു മുമ്പായതിനാല്‍ ഇതു ബാധകമല്ലെന്ന് കേന്ദ്രസര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്.എല്‍. സുന്ദരേശന് വാദിച്ചു.
പഴയ നിയമമായ സിആര്‍പിസിയില്‍ കേസെടുക്കുന്നതിനുമുന്പ് എതിര്‍കക്ഷികളെ കേള്‍ക്കണമെന്നു പറയുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വാദം. കേന്ദ്രസര്‍ക്കാരിനോട് എതിര് സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ച ഹൈക്കോടതി ഹര്‍ജി മേയ് 23ന് പരിഗണിക്കാന്‍ മാറ്റി.