വഖഫ് നിയമം: മുനന്പം ജനതയെ കേന്ദ്രം കബളിപ്പിച്ചുവെന്ന് മോൻസ് ജോസഫ്
Thursday, April 17, 2025 2:08 AM IST
കോട്ടയം: പാര്‍ലമെന്റ് പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖഫ് നിയമം കാണിച്ചു മുനന്പം ജനതയെ കേന്ദ്ര- കേരള സർക്കാരുകൾ കബളിപ്പിക്കുകയായിരുവെന്നു കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ .
ഈ ചതിയിൽനിന്നും കേരളസർക്കാരിന്റെ കീഴിലുള്ള വഖഫ് ബോർഡിനും ഒഴിഞ്ഞുമാറാൻ കഴിയില്ല. ഇപ്പോൾ പാസാക്കിയ നിയമത്തിന്റെ ഏതു വകുപ്പാണ് മുനമ്പത്തുള്ളവർക്കു സംരക്ഷണം നൽകുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതങ്ങളെ തമ്മിൽ കൂട്ടിയടിപ്പിച്ചു ലാഭം കൊയ്യാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം പൊളിഞ്ഞിരിക്കുകയാണ്. വഖഫ് ബിൽ പാസായാൽ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന ബിജെപിയുടെ വാദം പൊള്ളയാണെന്നു കേന്ദ്ര മന്ത്രി കിരൺ റിജിജു പരോക്ഷമായി സമ്മതിച്ചിരിക്കുന്നു.
വഖഫ് ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യമില്ലെന്നു കേന്ദ്രമന്ത്രി നേരത്തേ സമ്മതിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് മുനമ്പം വിഷയം ശാശ്വതമായി പരിഹരിക്കുന്നതെന്നും ബിജെപി നേതൃത്വം വ്യക്തമാക്കണം.
മുനന്പം ഭൂമി യഥാർഥ അവകാശികൾക്കു ലഭ്യമാക്കാനുള്ള നിയമപരിരക്ഷ ഉറപ്പാക്കാൻ ബിജെപി- എൽഡിഎഫ് സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.