വഖഫ് ട്രൈബ്യൂണൽ ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യാം: കിരൺ റിജിജു
Wednesday, April 16, 2025 3:36 AM IST
കൊച്ചി: വഖഫ് നിയമ ഭേദഗതിയിലൂടെ വഖഫ് ട്രൈബ്യൂണലിന്റെ അധികാരങ്ങളിലും ഘടനയിലും മാറ്റം വരുത്തിയെന്ന് കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു.
ട്രൈബ്യൂണലിന്റെ ഉത്തരവുകളെ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് ഇനി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാനാകുമെന്നും അദ്ദേഹം കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
വഖഫ് നിയമഭേദഗതി മുസ്ലിം ജനവിഭാഗങ്ങൾക്ക് എതിരല്ല. വര്‍ഷങ്ങളായി നിലനിന്നിരുന്ന തെറ്റ് തിരുത്തുകയാണ് നിയമഭേദഗതിയിലൂടെ സർക്കാർ ചെയ്തത്.
കേന്ദ്രസർക്കാർ മുസ്ലിംകൾക്കെതിരാണെന്നു ബോധപൂർവം ചിലർ പ്രചാരണം നടത്തുകയാണ്. പാവപ്പെട്ട മുസ്ലിംകളെ സഹായിക്കുന്നതാണു ഭേദഗതി. നിയമഭേദഗതിയിലൂടെ വഖഫ് നിയമത്തിലെ 40-ാം വകുപ്പ് ഇല്ലാതാക്കി.
ഇന്ത്യയിലെ വഖഫ് സ്വത്തുക്കൾ ലോകത്തെതന്നെ ഏറ്റവും വലിയ സ്വത്തുക്കളിലൊന്നാണ്. പക്ഷേ പാവപ്പെട്ട മുസ്ലിംകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. നിയമഭേദഗതി വന്നില്ലെങ്കിൽ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ലഭിച്ച നിരവധി പരാതികളെത്തുടർന്നാണ് സർക്കാർ നിയമഭേദഗതിക്കു തയാറായത്.
മുനന്പം വിഷയത്തിൽ കോൺഗ്രസ് ജനങ്ങളിൽ വർഗീയവിഷം കുത്തിവയ്ക്കുമ്പോൾ സിപിഎം ജനങ്ങളെ അടിമകളാക്കുകയാണ്. എല്ലാ കാര്യത്തിനും യാചിക്കുന്ന ജനങ്ങളെയാണ് സിപിഎമ്മിനു വേണ്ടതെന്നും കിരൺ റിജിജു വിമർശിച്ചു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ നിയമവഴിയിലൂടെ തന്നെ പരിഹാരം കാണണം. വഖഫ് ഭൂമിയാണെന്ന നിലവിലെ ഹൈക്കോടതി ഉത്തരവ് പുതിയ നിയമഭേദഗതിയിലൂടെ തിരുത്തപ്പെടണം. പുതിയ നിയമപ്രകാരം ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാം.
മുനന്പത്തെ ഭൂമി സംബന്ധിച്ചു സർവേ കമ്മീഷണറുടെ റിപ്പോർട്ടിനു പകരം ജില്ലാ കളക്ടര്‍ മുനമ്പം രേഖകള്‍ പുനഃപരിശോധിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇതിനു നിര്‍ദേശിക്കണം.
കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഭരണപരവും നിയമപരവുമായ സഹായങ്ങൾ ലഭ്യമാക്കും. മുനന്പത്തുണ്ടായ വഖഫ് പ്രശ്നം രാജ്യത്തെങ്ങും ആവർത്തിക്കില്ല. മുനമ്പം വിഷയം അധികം വൈകാതെ പരിഹരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.