കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ ജീവനക്കാർക്ക് മോചനം
Thursday, April 17, 2025 2:08 AM IST
ബേക്കൽ(കാസർഗോഡ്): ആഫ്രിക്കൻ രാജ്യങ്ങളായ ടോഗോയ്ക്കും കാമറൂണിനും ഇടയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ രണ്ടു മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാർക്കു മോചനം.
ബന്ദിയാക്കപ്പെട്ട മലയാളികളിലൊരാളായ കാസർഗോഡ് ബേക്കലിനു സമീപം പനയാൽ കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവനാണു വിഷുദിനത്തിൽ ഇക്കാര്യം ബന്ധുക്കളെ നേരിട്ടു വിളിച്ചറിയിച്ചത്. തൊട്ടുപിന്നാലെ രജീന്ദ്രനുൾപ്പെടെ ബന്ദിയാക്കപ്പെട്ട ഏഴ് ഇന്ത്യക്കാരും അടുത്തദിവസം തന്നെ മുംബൈയിലെത്തുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ലക്ഷദ്വീപ് മിനിക്കോയിയിൽനിന്നുള്ള ആസിഫ് അലിയാണു കടൽക്കൊള്ളക്കാരുടെ പിടിയിൽ അകപ്പെട്ടിരുന്ന രണ്ടാമത്തെ മലയാളി. തമിഴ്നാട് സ്വദേശികളായ പ്രദീപ് മുരുകൻ, സതീഷ്കുമാർ സെൽവരാജ്, മഹാരാഷ്ട്ര സ്വദേശികളായ സമീൻ ജാവിദ്, റിഹാൻ ഷബീർ സോൾക്കർ, ബിഹാർ സ്വദേശി സന്ദീപ് കുമാർ സിംഗ് എന്നിവരായിരുന്നു കൊള്ളക്കാരുടെ തടവിലായ മറ്റ് ഇന്ത്യക്കാർ.
ഇവർക്കൊപ്പം കിഴക്കൻ യൂറോപ്യൻ രാജ്യമായ റുമേനിയയിൽനിന്നുള്ള മൂന്നുപേരും കടൽക്കൊള്ളക്കാരുടെ പിടിയിൽ അകപ്പെട്ടിരുന്നു. എല്ലാവരും മോചിപ്പിക്കപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഏതു തരത്തിലാണു മോചനം സാധ്യമായതെന്നു വ്യക്തമായിട്ടില്ല.