ആശാ വര്‍ക്കര്‍മാരുടെ സമരം ആരോഗ്യരംഗത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു: ഡോ. മൂസക്കുഞ്ഞി
Thursday, April 17, 2025 2:08 AM IST
കൊച്ചി: ആശാ വര്‍ക്കര്‍മാരുടെ സമരം ആരോഗ്യരംഗത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഹൃദയ ചികിത്സാ വിദഗ്ധനും ഹാര്‍ട്ട് ലിങ്ക് ഫൗണ്ടേഷന് പ്രസിഡന്റുമായ ഡോ. മൂസക്കുഞ്ഞി. ഇതിനെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി ആരും കാണരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
മനുഷ്യജീവനുമായി ബന്ധപ്പെട്ട പ്രശ്നമായി കണക്കാക്കി സമരം ഒത്തുതീര്‍പ്പാക്കാന്‍ എല്ലാവരും ശ്രമിക്കണം. ഇക്കാര്യത്തിലുണ്ടാകുന്ന കാലതാമസം ഭാവിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഗര്‍ഭിണികളെയും കുട്ടികളെയുമാണ് അത് കൂടുതല്‍ ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഹൃദ്രോഗ ബോധവത്കരണത്തിന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 500 പഞ്ചായത്തുകളില്‍ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. സൗജന്യനിരക്കിലുള്ള ഹൃദയശസ്ത്രക്രിയ, രക്തദാന ക്യാമ്പ്, സൗജന്യ ആരോഗ്യ പരിശോധന എന്നിവയും നടത്തും.
ഇതിനായി സൗജന്യ പരിശീലനവും സംഘടിപ്പിക്കും. ക്ലിനിക്കുകളുടെ ശൃംഖലകള്‍ തുടങ്ങാനും പദ്ധതിയുണ്ടെന്ന് ഡോ. മൂസക്കുഞ്ഞി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി സജീദ് ഖാന് പനവേലിയും പങ്കെടുത്തു.