കാട്ടാന ആക്രമണം: അതിരപ്പിള്ളിയിൽ ഹർത്താൽ പൂർണം
Thursday, April 17, 2025 2:08 AM IST
അതിരപ്പിള്ളി: ആദിവാസികളെ കാട്ടാന ആക്രമിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് വന്യമൃഗ ആക്രമണങ്ങളിൽനിന്ന് ആദിവാസികളെയും കർഷകരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതി അതിരപ്പിള്ളിയിൽ ആഹ്വാനംചെയ്ത ഹർത്താൽ പൂർണമായിരുന്നു.
കടകൾ അടഞ്ഞുകിടന്നു. സ്വകാര്യബസുകളും കെഎസ്ആർടിസി ബസുകളും സർവീസ് നടത്തിയില്ല. ടൂറിസ്റ്റുകളുടെ വാഹനങ്ങൾ തടഞ്ഞില്ല. മലക്കപ്പാറയിലും വെറ്റിലപ്പാറയിലും ജനകീയസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.വെറ്റിലപ്പാറയിൽ റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. മലക്കപ്പാറയിൽ റോഡ് ഉപരോധിച്ചവർ പോലീസ് ഇടപെടുംമുന്പേ പിരിഞ്ഞുപോയി.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ, ദിലിക് ദിവാകരൻ, ബേബി കെ. തോമസ്, മുരളി ചക്കന്തറ, വി.വി. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
വനവാസികളെ വന്യമൃഗ ആക്രമണത്തിൽനിന്നു സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ചാലക്കുടി ഡിഎഫ്ഒ ഓഫീസ് മാർച്ച് നടത്തി. സംസ്ഥാന കൗൺസിൽ അംഗം കെ.എ. സുരേഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത് അധ്യക്ഷത വഹിച്ചു. പി.സി. സിജു, സജീവ് പള്ളത്ത്, അനീഷ് ചെന്താമര, കെ.പി. ജോർജ്, സി.പി. സെബാസ്റ്റ്യൻ, ഗിരീഷ് കോടശേരി, രാജേഷ് പിഷാരിക്കൽ, കെ.യു. ദിനേശൻ, എം.എസ്. കുമാർ, വി.കെ. മുരളി, പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു.