കരുത്താർജിച്ച് വേനൽമഴ; ഇന്നലെ വരെ 74 ശതമാനം അധികം
Wednesday, April 16, 2025 3:09 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കരുത്താർജിച്ച് വേനൽ മഴ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമൃദ്ധമായ വേനൽമഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരുംദിവസങ്ങളിൽ വേനൽമഴ കൂടുതൽ കരുത്താർജിക്കുമെന്നാണ് നിഗമനം.
മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 74 ശതമാനം അധിക മഴ പെയ്തു. ഇക്കാലയളവിൽ 82.7 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 143.6 മില്ലിമീറ്റർ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
എല്ലാ ജില്ലകളിലും രണ്ടു മാസത്തെ ശരാശരിക്കും മുകളിലുള്ള അളവിൽ വേനൽമഴ പെയ്തു. കണ്ണൂർ ജില്ലയിലാണ് ഇന്നലെവരെ ഏറ്റവും കൂടുതൽ വേനൽമഴ പെയ്തത്, 205 ശതമാനം. കോഴിക്കോട് ജില്ലയിൽ 141 ശതമാനവും പാലക്കാട് 140 ശതമാനവും മഴ പെയ്തപ്പോൾ വയനാട്ടിൽ 108 ശതമാനവും തിരുവനന്തപുരത്ത് 102 ശതമാനവും അധികമഴ പെയ്തു.
മലപ്പുറത്ത് 99 ശതമാനവും തൃശൂരിൽ 83 ശതമാനവും കൊല്ലത്ത് 80 ശതമാനവും കോട്ടയത്ത് 69 ശതമാനവും അധികമഴ പെയ്തു.