ഐഎഎസുകാർക്ക് വീണ്ടും കൂട്ടമാറ്റം
Thursday, April 17, 2025 2:08 AM IST
തിരുവനന്തപുരം: തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിനെ വനിതാ ശിശുക്ഷേമ വകുപ്പിലേക്കു മാറ്റി നിയമിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതലയും ഷർമിളയ്ക്കു നൽകി.
ഉന്നത വിദ്യാഭ്യാസ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഇഷിത റോയി കഴിഞ്ഞ മാസം വിരമിച്ചതിനെ തുടർന്ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ സ്ഥിരം നിയമനം ഇനിയുമായിട്ടില്ല.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോറിന് നോർക്ക സെക്രട്ടറിയുടെ അധിക ചുമതല നൽകി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി, ലോക കേരള സഭ ഡയറക്ടർ തുടങ്ങിയ ചുമതലകളും അദ്ദേഹത്തിനുണ്ടാകും.
കേശവേന്ദ്രകുമാറിനെ തദ്ദേശ സെക്രട്ടറിയായി നിയമിച്ചു. വ്യവസായ ഡയറക്ടർ മിർ മുഹമ്മദ് അലിയെ കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.
തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സ്പെഷൽ സെക്രട്ടറിയാക്കി. പരിസ്ഥിതി സ്പെഷൽ സെക്രട്ടറി, സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് ഡയറക്ടർ എന്നീ അധിക ചുമതലകളും നൽകി. വനിതാശിശുക്ഷേമ ഡയറക്ടർ ഹരിത വി. കുമാറിന് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറുടെ അധിക ചുമതല നൽകി.
കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ കേരള ഫിനാൻഷ്യൽ കോർപറേഷൻ മാനേജിംഗ് ഡയറക്ടറുടെ ചുമതലയിൽ തുടരാൻ അനുമതി നൽകി. ധനകാര്യ എക്സ്പെൻഡിച്ചർ അഡീഷണൽ സെക്രട്ടറിയായി ഡോ. എസ്. ചിത്രയെ നിയമിച്ചു.
വ്യവസായ വകുപ്പിലെ ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി ആനി ജൂലാ തോമസിന് കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നൽകി. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറായി സബിൻ സമീദിനെ നിയമിച്ചു.
കായിക- യുവജനകാര്യ ഡയറക്ടർ പി. വിഷ്ണുരാജിനെ വ്യവസായ ഡയറക്ടറാക്കി. കായിക ഡയറക്ടർ, സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി എന്നീ അധിക ചുമതലകളുമുണ്ടാകും. വിനോദ സഞ്ചാര അഡീഷണൽ ഡയറക്ടർ, തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ ചുമതലകളിൽനിന്ന് ഒഴിവാക്കി.
ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാറിന് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോണ്‍മെന്റ് സെന്റർ ഡയറക്ടറുടെ അധിക ചുമതല നൽകി.