കുരിശ് പിഴുതുമാറ്റിയ സംഭവം: കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം
Wednesday, April 16, 2025 3:09 AM IST
തൊടുപുഴ: തൊമ്മന്‍കുത്തില്‍ ആറു പതിറ്റാണ്ടിലേറെയായി കൈവശാവകാശത്തിലിരിക്കുന്ന ഭൂമിയില്‍ സ്ഥാപിച്ച കുരിശ് വനംവകുപ്പ് അധികൃതര്‍ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം.
ജോയിന്റ് വെരിഫിക്കേഷന് നടത്തി പട്ടയം നല്കാന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്ന പ്രദേശത്താണ് വനംവകുപ്പിന്റെ കടന്നുകയറ്റം ഉണ്ടായിരിക്കുന്നത്.
വനംവകുപ്പിന്റെ ജണ്ടയ്ക്കു പുറത്തുള്ള സ്ഥലത്താണ് കുരിശ് സ്ഥാപിച്ചിരുന്നത്. ഇവിടെ സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ ഉള്‍പ്പെടെയുള്ള നിരവധി വീടുകളുമുണ്ട്.
സര്‍ക്കാര്‍ ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാടത്തത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യമായ പരിഹാര നടപടികള്‍ താമസംവിനാ നടപ്പാക്കണമെന്നുമാണ് വിശ്വാസികളും വിവിധ സംഘടനകളും ആവശ്യപ്പെടുന്നത്.
കോതമംഗലം ബിഷപ് സ്ഥലം സന്ദര്‍ശിച്ചു
വണ്ണപ്പുറം: തൊമ്മന്‍കുത്തില്‍ വനംവകുപ്പ് അധികൃതര്‍ കുരിശ് നീക്കം ചെയ്ത് സ്ഥലം കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സന്ദര്‍ശിച്ചു. ഇവിടെ വനരാജാണ് നടക്കുന്നതെന്നും സര്‍ക്കാരിന് വനംവകുപ്പുദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ഉദ്യോഗസ്ഥാധിപത്യമാണ് നടക്കുന്നതെന്നും ബിഷപ് പറഞ്ഞു.
ക്രൈസ്തവരുടെ പരിപാവനമായ കുരിശ് വിശുദ്ധവാരത്തില്‍ പിഴുതെറിഞ്ഞ് അവഹേളിച്ച ഉദ്യോഗസ്ഥരുടെ നടപടി സര്‍ക്കാര്‍ അറിഞ്ഞാണോയെന്ന് വ്യക്തമാക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.