മക്കളെ തീകൊളുത്തി കൊന്ന് അമ്മ ജീവനൊടുക്കി
Wednesday, April 16, 2025 3:36 AM IST
കരുനാഗപ്പള്ളി: മക്കളെ തീകൊളുത്തി കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. കരുനാഗപ്പള്ളി ആദിനാട് സൗത്ത് പുത്തന്‍ കണ്ടത്തില്‍ ഗിരീഷിന്റെ ഭാര്യ താര (35), മക്കളായ ആത്മിക (6), അനാമിക (ഒന്നര) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഇവര്‍ വാടകയ്ക്കു താമസിക്കുന്ന ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള സൗപര്‍ണിക എന്ന വീട്ടില്‍വച്ചാണു സംഭവം.
മക്കളെ തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി താര ജീവനൊടുക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണു തീ കത്തുന്ന നിലയില്‍ മൂന്നു പേരെയും കണ്ടത്. ഉടന്‍ തീ കെടുത്തി ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
ഇവിടെ ചികിത്സയിലിരിക്കേ ആദ്യം താരയും പിന്നാലെ മക്കളും മരണമടയുകയായിരുന്നു. കുടുംബവഴക്കാണ് ആത്മഹത്യക്കു കാരണമെന്നാണു പ്രാഥമിക സൂചന. വിദേശത്തു ജോലി ചെയ്യുന്ന ഗിരീഷ് ഇന്ന് നാട്ടിലെത്തും.
ബിഎസ്സി നഴ്സായ താര ഭര്‍ത്താവിനൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്നു. പ്രസവത്തെത്തുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുമായി വസ്തുസംബന്ധിച്ചുള്ള തര്‍ക്കമാണ് ആത്മഹത്യക്കും കൊലപാതകത്തിനും പിന്നിലെന്ന് ആരോപണമുയരുന്നുണ്ട്.