തൃശൂർ, പാലക്കാട് കളക്ടറേറ്റുകളിൽ നുണബോംബ്
Thursday, April 17, 2025 2:09 AM IST
തൃശൂര്‍/പാലക്കാട്: തൃശൂരിലെയും പാലക്കാട്ടെയും കളക്ടറേറ്റുകളിൽ വ്യാജ ബോംബുഭീഷണി. രണ്ടിടത്തും പരിഭ്രാന്തിയുണ്ടാക്കിയ ഇ-മെയിൽ ഭീഷണിയെത്തുടർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പുലർച്ചെ 4.30ന് തൃശൂർ ആർഡിഒയുടെ ഔദ്യോഗിക ഇ-മെയിലിലേക്കു റാണ തഹാവൂർ എന്ന വ്യക്തിയുടെ പേരുചേർത്ത മെയിൽ ഐഡിയിൽനിന്നാണു ഭീഷണിസന്ദേശം ലഭിച്ചത്. ഉച്ചയോടെ കളക്ടറേറ്റിൽ ബോംബ് വയ്ക്കുമെന്നായിരുന്നു ഭീഷണി.
ബോംബ് ഭീഷണിയെത്തുടർന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. കേരള പോലീസിന്റെ കെ9 ഡോഗ് സ്ക്വാഡാണ് പരിശോധന നടത്തിയത്.
കളക്ടറേറ്റ് വരാന്തയിലും മറ്റു ഭാഗങ്ങളിലുമായി അരമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്ക്വാഡ് സ്ഥിരീകരിച്ചു.
പാലക്കാട് ആര്‍ഡിഒ ഓഫീസിൽ ഇന്നലെ രാവിലെ ജീവനക്കാര്‍ ഓഫീസ് തുറന്ന് പതിവുപോലെ ഔദ്യോഗിക ഇ മെയില്‍ സന്ദേശം നോക്കുന്നതിനിടെയാണ് റാണ തഹാവൂറിന്റെ പേരുചേര്‍ത്ത അജ്ഞാത ഇ-മെയിലില്‍നിന്നു ബോംബ് ഭീഷണി വന്നതു കണ്ടെത്തിയത്.
1.30നു സ്ഫോടനം നടക്കുമെന്നു ഭീഷണിസന്ദേശത്തിലുണ്ടായിരുന്നു. വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും അഗ്നിശമനസേനയും ഡോഗ് സ്ക്വാഡും ഓഫീസും പരിസരവും അരിച്ചുപെറുക്കിയെങ്കിലും യാതൊന്നും കിട്ടിയില്ല. ബോംബുഭീഷണിയെതുടര്ന്ന് ഉച്ചവരെ ആര്‍ഡിഒ ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചു.