കെഎസ്ആർടിസി ബസ് മറിഞ്ഞ് പെൺകുട്ടി മരിച്ചു
Wednesday, April 16, 2025 3:36 AM IST
കോതമംഗലം: നേര്യമംഗലം മണിയന്പാറയിൽ കെഎസ്ആർടിസി ബസ് നിന്ത്രണംവിട്ടു താഴ്ചയുള്ള പറന്പിലേക്ക് കൂപ്പുകുത്തി പെൺകുട്ടി മരിച്ചു. 20 പേർക്ക് പരിക്കേറ്റു.
ബസിനടിയിൽപ്പെട്ട് കട്ടപ്പന കീരിത്തോട് തെക്കുന്നത്ത് (തെക്കുംമറ്റത്തിൽ) പരേതനായ മത്തായി (ബെന്നി)യുടെ മകൾ അനിന്റ മത്തായി (14) ആണു മരിച്ചത്. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്കു വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
റോഡിന്റെ സംരക്ഷണഭിത്തിയിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. മുൻവശത്തെ ഗ്ലാസ് തകർന്ന് ബസിൽനിന്നു തെറിച്ചുവീണ അനിന്റ അടിയിൽപ്പെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ മിനിക്കൊപ്പം മുൻ സീറ്റിലായിരുന്നു അനിന്റ. കഞ്ഞിക്കുഴി എസ്എൻ ഹൈസ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥിനിയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ഇന്നു മൂന്നിന് കത്തിപ്പാറത്തടം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. സഹോദരി: അമാൻഡ.
അപകടത്തിൽ പരിക്കേറ്റ കട്ടപ്പന തടത്തിപ്പറന്പിൽ സാന്ദ്ര സുരേന്ദ്രൻ (25), കൊച്ചിറ സ്വദേശി നി കൊച്ചുറാണി ജോസഫ് (46), മാണിക്യമംഗലം മുറുപ്പേൽ പങ്കജാക്ഷി (66), അങ്കിറ തടത്തിൽ നന്ദു (24), എച്ചൻപൂണ്ടി തന്പിയപ്പിളൈ വേൽമണി (40), ബസ് കണ്ടക്ടർ നെട്ടയം ശ്രാവണം എസ്.എൽ. സേതു (44), ഗൂഡല്ലൂർ നടരാജൻ (41), പഴയരിക്കണ്ടം കൂത്താലിപ്പുറത്ത് സാലി (53), കൊച്ചറ കരിന്പനാക്കൽ അന്ന മരിയ ടോമി (14), സഹോദരി ആഷിന ടോമി (17), കീരിത്തോട് കുന്നത്ത്പുരയിൽ സോന (21), കട്ടപ്പന തടത്തിപ്പറന്പിൽ അമിക അബിൻ, മണിയറാംകുടി കുള്ളിക്കൽ അക്സ (21), കുമളി പാലയ്ക്കൽ പി.എ. കുര്യൻ, കോതമംഗലം ആയക്കാട് നെടുംകല്ലേൽ ശ്രീനന്ദ, നീണ്ടപാറ നെടുംകണ്ണിൽ ഷീല കുമാർ (56), നെടുംകണ്ണിൽ ഐശ്യര്യ (25) എന്നിവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലും, ഈസ്റ്റ് വാഴപ്പിള്ളി അസിസീ സ്കൂളിലെ സിസ്റ്റർ ജൂലിയാന (74), നേര്യമംഗലം കച്ചിറയിൽ എൽസി (65) എന്നിവരെ ധർമഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.