മുനന്പം ജനതയെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചത്: മുഖ്യമന്ത്രി
Thursday, April 17, 2025 2:08 AM IST
തിരുവനന്തപുരം: മുനന്പം ജനതയെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വാക്കുകളിലൂടെ വ്യക്തമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ മുനന്പത്തെത്തിച്ചാണ് കേരളത്തിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനു ശ്രമം നടത്തിയത്. കിരണ്‍ റിജിജുവിന്റെ വായിൽനിന്നും സത്യം പുറത്തു വീണു. വഖഫ് ഭേദഗതിയിലൂടെ മാത്രം മുനന്പം ജനതയ്ക്ക് നീതി ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രിക്കു സമ്മതിക്കേണ്ടിവന്നു.
അതോടെ ബിജെപി കൊട്ടിഘോഷിച്ച വ്യാജ ആഖ്യാനങ്ങളെല്ലാം ഉടഞ്ഞു. പ്രശ്നപരിഹാരത്തിന് സുപ്രീംകോടതിയിൽ നിയമപോരാട്ടം തുടരണമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കേന്ദ്രമന്ത്രിയുടെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയി എന്നാണ് മുനന്പം സമരസമിതി കണ്‍വീനർക്ക് പ്രതികരിക്കേണ്ടിവന്നത്.
മുനന്പത്തെ ജനതയുടെ വിഷയപരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട. അവരെ സംരക്ഷിക്കാനുള്ള എല്ലാ നടപടിയും സർക്കാർ കൈക്കൊള്ളും. വഖഫ് ബിൽ മുൻനിർത്തി ദുഷ്ടലാക്കോടെ രാഷ്ട്രീയലാഭം കൊയ്യാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
ദൗർഭാഗ്യവശാൽ ചിലർ അതിന് പിന്തുണ നൽകുകയാണ്. ഇവിടത്തെ പ്രതിപക്ഷനേതാവിന്റെ വാക്കുകളിൽ ആ പിന്തുണയാണ് തെളിയുന്നത്. വഖഫ് വിഷയത്തിലും മുനന്പത്തെ പ്രശ്നങ്ങളുടെ പേരിലും കുളം കലക്കി മീൻ പിടിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നുണ്ട്.
പുതിയ നിയമം ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിന്റെയും ഫെഡറലിസത്തിന്റെയുമെല്ലാം ലംഘനമാണ്. മുസ്ലിം അപരവത്കരണത്തിനും അതുവഴി രാഷ്ട്രീയനേട്ടത്തിനുമുള്ള അവസരമായാണ് സംഘപരിവാർ ബില്ലിനെ കണ്ടത്.
വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് ബില്ലിന്റെ ഉള്ളടക്കം. അങ്ങേയറ്റം ന്യൂനപക്ഷവിരുദ്ധമായതും ഭൂരിപക്ഷ വർഗീയതയെ തൃപ്തിപ്പെടുത്തുന്നതുമായ ബില്ലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് വിഷയത്തിൽ മുസ്ലിം ലീഗും ഇരട്ടത്താപ്പ് കാട്ടുന്നുവെന്ന്
തിരുവനന്തപുരം: വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറന്പ് സർ സയ്യിദ് കോളജുമായി ബന്ധപ്പെട്ട ലീഗിന്റെ വിചിത്രമായ നിലപാട് വഖഫ് വിഷയം കാപട്യ പൂർണമായാണ് അവർ ഉപയോഗിക്കുന്നത് എന്ന് തെളിയിക്കുന്നു. കോളജ് മാനേജ്മെന്റ് ഭരിക്കുന്നത് മുസ്ലിം ലീഗ് നേതൃത്വമാണ്.
കോളജ് തുടങ്ങാൻ ഭൂമി ഇല്ലാതിരുന്ന ഘട്ടത്തിൽ തളിപ്പറന്പ് ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കർ ഭൂമി കോളജ് തുടങ്ങാൻ വിട്ടുനൽകി. നിബന്ധനകൾ മുൻനിർത്തി മാനേജ്മെന്റിനു ഭൂമി നൽകാൻ 1966ൽ വഖഫ് ബോർഡ് ഉത്തരവിട്ടു.
ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ ലീഗ് നേതൃത്വം നൽകിയ സത്യവാങ്ങ്മൂല പ്രകാരം കോളജ് സ്ഥിതി ചെയ്യുന്ന വസ്തു ജുമാ മസ്ജിദിന്റേതല്ലെന്നും, അത് നരിക്കോട് ഈറ്റിശേരി ഇല്ലം വകയാണ് എന്നുമുള്ള വിചിത്രമായ കണ്ടെത്തലാണുള്ളത്.
പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമി വഫഖ് പ്രോപ്പർട്ടി അല്ലെന്ന നിലപാടടുക്കാൻ ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് അവർതന്നെ വ്യക്തമാക്കണം. വഖഫ് ഭൂമി കൈവശപ്പെടുത്താൻ കേന്ദ്ര പുതിയ നിയമം കൊണ്ടുവന്ന കാലത്ത് ലീഗ് നേതൃത്വം എടുത്ത തീരുമാനത്തിൽ വലിയ ജനവികാരം നിലനിൽക്കുന്നുണ്ട്.
എന്തുകൊണ്ടാണ് വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ ലീഗിന് പരസ്പര വിരുദ്ധമായ നിലപാടുണ്ടാകുന്നത്? ബിജെപി നിലപാടിനെ സഹായിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.