ഗവണ്മെന്റ് മുൻ പ്ലീഡറുടെ ആത്മഹത്യ; ഒരാള്‍ കസ്റ്റഡിയില്‍
Thursday, April 17, 2025 2:08 AM IST
കൊല്ലം: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗവണ്മെന്റ് മുന്‍ പ്ലീഡര്‍ പി.ജി മനു ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.
മനുവിനെതിരേ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് ഓണക്കൂര്‍ സ്വദേശി ജോണ്‍സണെ (40)യാണ് കൊല്ലം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മനുവിന്റെ ആത്മഹത്യയ്ക്ക് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ പിറവത്തുള്ള ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളുടെ നിരന്തര സമ്മര്‍ദങ്ങളിലാണ് മനു തൂങ്ങിമരിച്ചതെന്നാണ് ആരോപണം.
ഇക്കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു മനുവിനെ കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടകവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.
പീഡന കേസില്‍ മനു ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ആരോപണത്തില്‍ മനു കുടുംബത്തോടൊപ്പം ഈ യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞിരുന്നു. മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മനു ആത്മഹത്യ ചെയ്തത്.
ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയും ഇതേ തുടര്‍ന്നുള്ള മനോവിഷമവുമാകാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീഡിയോ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.