യുവ അഭിഭാഷക മക്കളുമായി മീനച്ചിലാറ്റില്‍ ചാടി മരിച്ചു
Wednesday, April 16, 2025 3:36 AM IST
ഏറ്റുമാനൂര്‍/അയര്‍ക്കുന്നം: അഞ്ചും രണ്ടും വയസുള്ള പെണ്മക്കളുമായി യുവ അഭിഭാഷക മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കി. നീറിക്കാട് തൊണ്ണമ്മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ മീനച്ചിലാറ്റില്‍ കണ്ണമ്പുര കടവിനു സമീപമാണ് ജിസ്മോള്‍ മക്ക ളുമായി ചാടിയതെന്നു കരുതുന്നു. സംഭവത്തിന് ദൃക്സാക്ഷികളില്ല. പള്ളിക്കുന്ന് പള്ളിക്കടവില്‍ രണ്ടു കുട്ടികള്‍ ഒഴുകിവരുന്നത് മീന്‍പിടിത്തക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
നാട്ടുകാര്‍ കുട്ടികളെ കരയിലെത്തിച്ച് കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. അധികം വൈകാതെ ആറുമാനൂര്‍ ഭാഗത്ത് മീനച്ചിലാറ്റില്‍ ജിസ്മോളെയും കണ്ടെത്തി. ജിസ്മോളെയും നാട്ടുകാര്‍ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏറെ വൈകാതെ മൂവരും മരിച്ചു.
കുട്ടികളെ ടോയ്ലറ്റ് വൃത്തിയാക്കുന്ന ഹാര്‍പിക് ലോഷന്‍ കുടിപ്പിക്കുകയും സ്വന്തം കൈ ഞരമ്പ് മുറിക്കുകയും ചെയ്ത ശേഷമാണ് ജിസ്മോള്‍ സ്കൂട്ടറില്‍ കടവില്‍ എത്തിയതും കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടിയതും.
ജിസ്മോളുടെ സ്കൂട്ടര്‍ കണ്ണമ്പുര കടവിനു സമീപം റോഡരികില്‍ കണ്ടെത്തി. സ്കൂട്ടറില്‍ അഭിഭാഷകരുടെ സ്റ്റിക്കര്‍ പതിച്ചതിലെ സൂചനവച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
വിവരമറിഞ്ഞ് അയര്‍ക്കുന്നം, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍നിന്ന് പോലീസ് സംഭവ സ്ഥലങ്ങളില്‍ എത്തി. മേല്‍നടപടികള്‍ക്കു ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഹൈക്കോടതിയിലും പാലാ കോടതിയിലും പ്രാക്ടീസ് ചെയ്തുവരികയായിരുന്നു ജിസ്മോൾ. വിവാഹത്തിനു മുമ്പ് മുത്തോലി പഞ്ചായത്ത് മെംബറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
ജിസ്മോളുടെ ഭര്‍ത്താവ് സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്. മുമ്പ് സ്വകാര്യ ബസുടയായിരുന്ന ജിമ്മി ആറു മാസം മുമ്പ് സര്‍വീസുകള്‍ നിര്‍ത്തി ബസുകള്‍ വിറ്റിരുന്നു.
അയര്‍ക്കുന്നം പോലീസ് നീറിക്കാട്ടെ വീട്ടിലെത്തി ഭര്‍ത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു.