പ്രീപ്രൈമറി ഓണറേറിയം വർധന ഉത്തരവിനു സ്റ്റേ
Wednesday, April 9, 2025 2:40 AM IST
കൊച്ചി: സര്‍ക്കാര്‍ സ്കൂളുകളില്‍ പിടിഎ നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം 27, 500 രൂപയും ആയമാരുടേത് 22,500 രൂപയുമാക്കി വര്‍ധിപ്പിക്കാന്‍ നിർദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു.
സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചത്.
ഓണറേറിയം തുക സര്‍ക്കാര്‍ ഭരണതലത്തില്‍ എടുക്കേണ്ട തീരുമാനമാണെന്നും വര്‍ധിപ്പിക്കണമെന്നു പറയാന്‍ കോടതിക്ക് അധികാരമില്ലെന്നും കാണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ അപ്പീല്‍.
ദൈനംദിന ചെലവുകളടക്കം കണക്കിലെടുക്കുമ്പോള്‍ തുക വര്‍ധിപ്പിക്കേണ്ടതുണ്ടെന്നു വിലയിരുത്തിയായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. അപ്പീലില്‍ ജൂണ്‍ 23ന് വിശദമായ വാദം കേള്‍ക്കും.