കാട്ടാന ആക്രമണം; അലന് ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Wednesday, April 9, 2025 2:40 AM IST
കല്ലടിക്കോട് (പാലക്കാട്): കാട്ടാനയുടെ കുത്തേറ്റുമരിച്ച മുണ്ടൂർ കുളത്തിങ്കൽ അലൻ ജോസഫി(24) ന്റെ മൃതദേഹം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ എട്ടുമണിയോടെയാണു വീട്ടിലെത്തിച്ചത്. മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് രാവിലെമുതൽതന്നെ നിരവധി ആളുകളാണ് വീട്ടിലെത്തിയത്.
നെഞ്ചുപിളർക്കുന്ന കാഴ്ചയ്ക്കും ആ വീട് സാക്ഷ്യം വഹിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലന്റെ അമ്മ വിജിയെ ഇന്നലെ രാവിലെമാത്രമാണ് മകന്റെ വിയോഗവാർത്ത അറിയിച്ചത്.
വിവരം അറിഞ്ഞ ഉടനെ നിലവിളിച്ച് അമ്മ മകനെ അവസാനമായി ഒരുനോക്കു കാണണമെന്നു നിർബന്ധം പിടിച്ചു. ഗുരുതരാവസ്ഥയിലുള്ള അമ്മയെ ആംബുലൻസിൽ എത്തിച്ച് സ്ട്രെച്ചറിൽ മകന്റെ മൃതദേഹത്തിനടുത്ത് കൊണ്ടുവന്നപ്പോൾ കണ്ടുനിന്നവർക്കുപോലും സഹിക്കാനായില്ല.
എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, എ. പ്രഭാകരൻ, പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ മൈലംപുള്ളി ദൈവസഭാ പെന്തക്കൊസ്ത് സെമിത്തേരിയിൽ സംസ്കരിച്ചു.
ഞായറാഴ്ച രാത്രി ഏഴരയോടെഅലനും മാതാവ് വിജിയും അലന്റെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങിവരുന്പോഴാണ് വീടിനു സമീപത്തുവച്ച് കാട്ടാന ആക്രമിച്ചത്. മാതാവിനെ കാട്ടാന ചവിട്ടുന്നതുകണ്ട് രക്ഷിക്കാനായി ഓടിയെത്തിയ അലനെ തുന്പിക്കൈകൊണ്ട് അടിച്ചിട്ട് നെഞ്ചിൽ കുത്തുകയായിരുന്നു.