മാലിന്യമുക്ത നവകേരളം: അംബാസഡറാകാന്‍ താത്പര്യമറിയിച്ച് എം.ജി. ശ്രീകുമാര്‍
Wednesday, April 9, 2025 2:40 AM IST
കൊച്ചി: സംസ്ഥാന തദ്ദേശ ഭരണ വകുപ്പിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ സന്നദ്ധത അറിയിച്ച് ഗായകന് എം.ജി. ശ്രീകുമാര്‍.
മന്ത്രി എം.ബി. രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഇന്നുമുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി 2025’ ദേശീയ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എം.ജി. ശ്രീകുമാറിനെ ക്ഷണിച്ചതായും മന്ത്രി അറിയിച്ചു.
ഗായകന്റെ ബോള്‍ഗാട്ടിയിലെ വീട്ടില്‍നിന്നു കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ പിഴയായി ഗായകന് 25,000 രൂപ അടയ്ക്കുകയുമുണ്ടായി.
തന്റെ വീട്ടിലെ ജോലിക്കാരി മുറ്റത്ത് വീണുകിടന്ന മാമ്പഴത്തിന്റെ അവശിഷ്ടങ്ങളാണു കായലില്‍ ഇട്ടതെന്നും അതു തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ അടച്ചതെന്നും എം.ജി.ശ്രീകുമാര്‍ പിന്നീട് വ്യക്തമാക്കുകയുണ്ടായി.
അന്നു നടന്ന സംഭവത്തെക്കുറിച്ചും അദ്ദേഹവുമായി താന്‍ സംസാരിച്ചിരുന്നുവെന്നാണ് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്. ഇക്കാര്യത്തില്‍ മാതൃകയെന്ന നിലയില്‍ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.