സിപിഎം സ്വാധീനമേഖലയിലും ബിജെപി വളരുന്നു: എം.എ. ബേബി
Wednesday, April 9, 2025 2:40 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ചെലവിൽ മാത്രമല്ല ബിജെപി വളരുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ സ്വാധീനമേഖലകളിൽ മാത്രമല്ല സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലും ബിജെപി തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുന്നുണ്ട്.
ഇതിനെ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ഇത് തടയാൻ ആവശ്യമായ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട കമ്മിറ്റികൾ ഇടപെട്ടു നടത്തും. ബോധപൂർവം സിപിഎം തെറ്റു ചെയ്യാറില്ലെന്നും ബേബി പറഞ്ഞു. സംഘപരിവാർ രാഷ്ട്രീയത്തിന് രാജ്യത്ത് 30 ശതമാനത്തിലധികം ആളുകളുടെ പിന്തുണയുണ്ട്. അത്തരത്തിലൊരു പൊതുബോധം നിർമിക്കുന്നതിൽ സംഘപരിവാർ വിജയിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ നാട് അദ്ദേഹത്തിന്റെ ഘാതകരുടെ കയ്യിലായിക്കഴിഞ്ഞു.
ബിജെപിക്ക് പിന്നിൽ അണിനിരക്കുന്നത് മോശമാണെന്ന പൊതുബോധം കേരളത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല. എന്നാൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ കൂടെയാണ് തങ്ങൾ നിൽക്കുന്നതെന്ന പൊതുബോധം കേരളത്തിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. അധികാരത്തെ ആസ്പദമാക്കിയുള്ള രാഷ്ട്രീയ സാധൂകരണ പ്രതിഭാസം കേരളത്തിലും നടക്കുന്നുണ്ട്.
വ്യക്തിപരമായ നേട്ടങ്ങൾക്കായി പ്രാഞ്ചിയേട്ടന്മാരും ബിജെപിയിലേക്ക് ആകർഷിക്കപ്പെടുന്നു. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ഇടതുപക്ഷം അവസരം കൊടുത്തിട്ടില്ല. നേമത്ത് അവസരം നൽകിയത് ആരാണെന്നു പരിശോധിച്ചാൽ മനസിലാകുന്ന കാര്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഓരോ പാർട്ടിക്കും കിട്ടിയ വോട്ടുകൾ പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും.
സാമൂഹ്യ വിരുദ്ധമായ നയസമീപനങ്ങൾ തുടരുന്ന ബിജെപി സർക്കാരിനെ അധികാരത്തിൽനിന്നു താഴെയിറക്കുക എന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒന്നാമത്തെ കടമ. ഇതിനായി കോണ്‍ഗ്രസുമായി സഹകരിക്കുന്നതിൽ സിപിഎമ്മിന് ഒരു ജാള്യവുമില്ല.
കോണ്‍ഗ്രസും കൂടി പങ്കെടുത്തു കൊണ്ടുള്ള ഒരു സമരത്തിലൂടെയേ ഇന്നത്തെ ഇന്ത്യയിൽ ബിജെപിയെ തോൽപിക്കാൻ കഴിയൂ. ആ തിരിച്ചറിവുള്ള പാർട്ടിയാണ് സിപിഎം. ഇതൊരു രാഷ്ട്രീയ സമരതന്ത്രമാണ്. ബിജെപിയെ തോൽപിക്കാൻ എവിടെയെല്ലാം കോണ്‍ഗ്രസുമായി സഹകരിക്കാൻ കഴിയുമോ അവിടെയെല്ലാം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.