വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
Wednesday, April 9, 2025 2:40 AM IST
മലപ്പുറം: മലപ്പുറം ചട്ടിപ്പറന്പിൽ വാടക വീട്ടിലെ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അന്പലപ്പുഴ വളഞ്ഞവഴി നീർക്കുന്നം സിറാജ് മൻസിലിൽ സിറാജുദ്ദീന്റെ (39) അറസ്റ്റ് മലപ്പുറം പോലീസ് രേഖപ്പെടുത്തി. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ്
പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. വീട്ടിലെ പ്രസവത്തിനു പിന്നാലെയുണ്ടായ അമിത രക്തസ്രാവം മൂലമാണു പെരുന്പാവൂർ സ്വദേശി അസ്മ (35) മരിച്ചത്. പ്രസവത്തിനു സഹായിച്ച മലപ്പുറത്തെ വയറ്റാട്ടി ഉൾപ്പെടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.
തെളിവ് നശിപ്പിക്കുന്നതിനായി മറുപിള്ളയും മറ്റും നശിപ്പിച്ചിട്ടുണ്ട്. ഇത് കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. വീട്ടിലെ പ്രസവത്തിനു പിന്നിൽ ഏതെങ്കിലും രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും. കുറ്റസമ്മത മൊഴിയിൽ പ്രതി ഇത്തരമൊരു സൂചന നൽകിയിട്ടുണ്ടെന്നു മലപ്പുറം പോലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു.
പ്രതിയുടെ യൂട്യൂബ് ചാനൽ വഴി വീട്ടിലെ പ്രസവം ആരോഗ്യത്തിനു പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് പ്രചാരണം നടത്തിയതും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.
അസ്മയുടെ ആദ്യ രണ്ടു പ്രസവം ആശുപത്രിയിലും തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിലുമാണു നടന്നത്. അമിതമായ ആത്മീയ താത്പര്യങ്ങളുള്ള വ്യക്തിയാണു സിറാജുദ്ദീൻ. ഈയൊരു കാഴ്ചപ്പാടിലാണു പ്രസവങ്ങൾ വീട്ടിലാക്കിയത്. ഇദ്ദേഹത്തിന്റെ പ്രേരണയിലാണ് അസ്മ വീട്ടിൽ പ്രസവിച്ചതെന്നാണു കരുതുന്നതെന്നും പോലീസ് പറഞ്ഞു.
മലപ്പുറം സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളമാണ് ഇയാളെ ചോദ്യംചെയ്തത്. കൂടാതെ, ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചോദ്യംചെയ്യലിനുശേഷമാണ് സിറാജുദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ നേരിട്ടോ അല്ലാതെയോ ഇടപെട്ട മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തോടെ ഇവർ താമസിക്കുന്ന വാടകവീട്ടിൽ പോലീസ് എത്തിയപ്പോഴാണ് വീട്ടിൽ പ്രസവം നടന്ന വിവരം വീട്ടുടമയും പ്രദേശവാസികളും അറിയുന്നത്. മരണ വിവരം മറച്ചുവച്ച് യുവതിയുടെ മൃതദേഹവും നവജാതശിശുവുമായി ഭർത്താവ് സിറാജുദ്ദീൻ പെരുന്പാവൂരിലേക്കു പോകുകയായിരുന്നു.
യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മലപ്പുറം ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടർന്ന് ഇയാളെ നാലു ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. മലപ്പുറം പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.