ടൂറിസ്റ്റ് ബസുകളിലെ പാസഞ്ചർ കാബിനിലും കാമറ; അംഗീകരിക്കാനാകില്ലെന്ന് ഉടമകൾ
Wednesday, April 9, 2025 2:40 AM IST
കൊച്ചി: ടൂറിസ്റ്റ് ബസുകളുടെയും മിനി ബസുകളുടെയും പാസഞ്ചര്‍ കാബിനില്‍ കാമറ സ്ഥാപിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം പ്രാബല്യത്തിലായി. യാത്രക്കാർ ഇരിക്കുന്ന ഭാഗം പൂർണമായും പകർത്താനാകുന്ന രീതിയിൽ വാഹനങ്ങളിൽ കാമറ ഘടിപ്പിക്കണമെന്നാണു നിർദേശം.
വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഡ്രൈവറുടെ കാബിനിലും കാമറകൾ നിർബന്ധമാക്കിയിരുന്നു. ഇതിനുപുറമേയാണ് പാസഞ്ചർ കാബിനിലും കാമറ നിർബന്ധമാക്കിയത്. വാഹനത്തിലെ കാമറയിൽനിന്നുള്ള ദൃശ്യങ്ങൾ മോട്ടോർവാഹന വകുപ്പിന് പരിശോധനയ്ക്കു ലഭ്യമാക്കേണ്ടതുണ്ട്.
അതേസമയം പാസഞ്ചർ കാബിനിൽ കാമറ വേണമെന്ന നിർദേശം അംഗീകരിക്കാനാകില്ലെന്ന് കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സിസിഒഎ) സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍ പറഞ്ഞു. യാത്രക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതിലൂടെ അധികൃതർ നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡ്രൈവറെ നിരീക്ഷിക്കുന്നതിന് കാബിനില്‍ കാമറ വയ്ക്കുന്നതിനെ എതിര്‍ക്കുന്നില്ല. അതിനും മതിയായ സാവകാശം അനുവദിക്കണം. കോണ്‍ട്രാക്ട് കാരേജ് വ്യവസായത്തെ തളർത്തുന്ന തീരുമാനങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഏകീകരണത്തിന്റെ പേരിലുള്ള 32 ശതമാനത്തോളം നികുതി വര്‍ധന അന്യായമാണ്.
നോണ്‍ പുഷ്ബാക്ക് സീറ്റ് വാഹനങ്ങളുടെ നികുതി പുഷ്ബാക്ക് സീറ്റ്, സ്ലീപ്പര്‍ തുടങ്ങിയ വാഹനങ്ങളുടെ നികുതിയിലേക്ക് ഉയര്‍ത്തിയതു നീതിയല്ല. ഈ തീരുമാനം 90 ശതമാനത്തോളം വരുന്ന ഓര്‍ഡിനറി വാഹന ഉടമകളെയും തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിഷേധ മാര്‍ച്ച് ഇന്ന്
കൊച്ചി: കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന ഉടമകളും ജീവനക്കാരും സംസ്ഥാനത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസുകളിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും.
ടൂറിസ്റ്റ് ബസുകളുടെയും മിനി ബസുകളുടെയും നികുതി 32 ശതമാനത്തോളം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, അന്യായമായ പിഴ ചുമത്തലുകളും ലൈന്‍ ട്രാഫിക്കിന്റെ പേരിലുള്ള കൊള്ളയടിയും അവസാനിപ്പിക്കുക, വാഹനങ്ങളുടെ പാസഞ്ചര്‍ കാബിനുള്ളില്‍ നിരീക്ഷണ കാമറ ഘടിപ്പിക്കണമെന്ന നിര്‍ദേശം പിന്‍വലിക്കുക, ഇ-ചെലാനുകള്‍ ഒഴിവാക്കുക, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പുനഃസ്ഥാപിക്കുക, ആര്‍ടിഒ ഓഫീസുകളിൽ വാഹന ഉടമകള്‍ക്കായി മുഴുവന്‍ സമയവും കൗണ്ടര്‍ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മാർച്ച്.