മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആവര്‍ത്തിച്ച് ഫാറൂഖ് കോളജ്
Wednesday, April 9, 2025 1:05 AM IST
കോഴിക്കോട്: വഖഫ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ ആരംഭിച്ച വാദത്തില്‍ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവര്‍ത്തിച്ച് കോഴിക്കോട് ഫാറൂഖ് കോളജ്.
ആധാരത്തില്‍ രണ്ടു തവണ ‘വഖഫ്’എന്ന് പരാമര്‍ശിച്ചതും ദൈവനാമത്തില്‍ ആത്മശാന്തിക്കായി സമര്‍പ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയെന്ന വഖഫ് ബോര്‍ഡിന്റെ വാദത്തെ ഫാറൂഖ് കോളജ് എതിര്‍ത്തു. ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാല്‍ ഭൂമിയെ വഖഫായി പരിഗണിക്കാനാകില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകന് വാദിച്ചു.
മുഹമ്മദ് സിദീഖ് സേട്ട് എന്ന വ്യക്തി ഫാറൂഖ് കോളജിനുവേണ്ടി ഭൂമി വഖഫായി നല്കിയ ആധാരമാണ് ജസ്റ്റീസ് രാജന് തട്ടില്‍ പ്രധാനമായും പരിശോധിച്ചത്. ഇതില്‍ രണ്ട് തവണ ‘വഖഫായി നല്കുന്നു’ എന്ന് പരാമര്‍ശിച്ചിട്ടുണ്ടെന്നും ആത്മശാന്തിക്കും ഇസ്ലാമിക ആദര്‍ശത്തിനും വേണ്ടി സമര്‍പ്പിക്കുന്നു എന്നും പറഞ്ഞതിനാല്‍ത്തന്നെ ഇത് വഖഫായി പരിഗണിക്കണമെന്നുമാണ് വഖഫ് ബോര്‍ഡ് വാദിച്ചത്. വഖഫ് ഡീഡ് എന്നുതന്നെയാണ് ഇതിനെക്കുറിച്ച് എല്ലാ കോടതി രേഖകളിലും പറയുന്നതെന്നും ബോര്‍ഡ് പറഞ്ഞു.
എന്നാല്‍ ക്രയവിക്രയങ്ങള്‍ക്കു ഫാറൂഖ് കോളജിന് അവകാശമുണ്ടെന്നും ‘സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ഭൂമി ബാക്കിയുണ്ടാവുകയും ചെയ്താല്‍ അത് തന്റെ കുടുംബത്തിലേക്കു തന്നെ തിരികെ വരും’ എന്ന നിബന്ധനകൂടി ഈ ഡീഡില്‍ ഉള്ളതിനാല്‍ ഇതിനെ വഖഫായും സ്ഥിര സമര്‍പ്പണമായും പരിഗണിക്കാനാകില്ലെന്നും ഫാറൂഖ് കോളജിന്റെ അഭിഭാഷകന് പറഞ്ഞു.
ഫാറൂഖ് കോളജ് ഇസ്ലാമിക സ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലെന്നും അതിനാല്‍ അവര്‍ക്കായി ഭൂമി നല്‍കിയതിനെ വഖഫായി പരിഗണിക്കാനാകില്ലെന്നും മുനമ്പം നിവാസികളുടെ അഭിഭാഷകന് വാദിച്ചു. വാദം ഇന്നും തുടരും.