കോടതി ഫീസ് വര്‍ധന: സർക്കാരിന്റെ വിശദീകരണം തേടി
Wednesday, April 9, 2025 1:05 AM IST
കൊച്ചി: സംസ്ഥാനത്തെ കോടതി ഫീസുകള്‍ കുത്തനേ വര്‍ധിപ്പിച്ചതിനെതിരേ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഹര്‍ജിയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഫീസ് വര്‍ധനയ്ക്ക് ആസ്പദമായ ജസ്റ്റീസ് വി.കെ. മോഹനന് കമ്മിറ്റി റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഹാജരാക്കാനും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. റിപ്പോര്‍ട്ടുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല.
നിലവിലെ കോടതി ഫീസ് വര്‍ധന 400 മുതല്‍ 900 ശതമാനം വരെയാണെന്നും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേസ് മേയ് 23ന് വാദം കേള്‍ക്കാന്‍ മാറ്റി.