ദീപക് വധം: വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ക്കു ജീവപര്യന്തം
Wednesday, April 9, 2025 1:05 AM IST
കൊച്ചി: ജനതാദള്‍ -യു പ്രാദേശികനേതാവ് തൃശൂര്‍ നാട്ടിക സ്വദേശി പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ഹൈക്കോടതി ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾക്കെതിരേ കൊലക്കുറ്റമടക്കം നിലനില്‍ക്കുമെന്ന് വിലയിരുത്തി കുറ്റക്കാരായി ഫെബ്രുവരി 27ന് കോടതി ഉത്തരവിട്ടിരുന്നു.
ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ പെരിങ്ങോട്ടുകര മരോട്ടിക്കല്‍ എം.എസ്. ഋഷികേശ്, പടിയം കൂട്ടാല വീട്ടില്‍ കെ.യു. നിജില്‍ (കുഞ്ഞാപ്പു), തെക്കേക്കര ദേശത്ത് കൊച്ചാത്ത് കെ.പി. പ്രശാന്ത് (കൊച്ചു), പൂക്കോട് പ്ലാക്കില്‍ രശാന്ത്, താന്ന്യം വാലപറമ്പില്‍ വി.പി. ബ്രഷ്നേവ് എന്നിവര്‍ക്കാണു ശിക്ഷ വിധിച്ചത്.
ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാര്‍, ജേബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം.