കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ വിടപറഞ്ഞു
Wednesday, April 9, 2025 1:05 AM IST
മഞ്ചേരി: ബാലികയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വകവരുത്തിയെന്ന കേസിൽ ഹൈക്കോടതി വെറുതെവിട്ട അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു.
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് എളങ്കൂർ ചാരങ്കാവിൽ താമസിക്കുന്ന ചോണംകോട്ടിൽ ശങ്കരനാരായണന്റെ (75) അന്ത്യം തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു. മൃതദേഹം ഇന്നലെ ഉച്ചക്ക് 12.30ഓടെ സംസ്കരിച്ചു.
2001 ഫെബ്രുവരി ഒന്‍പതിന് സ്കൂൾ വിട്ടു വരികയായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്ണപ്രിയയെന്ന 12 കാരിയെ അയൽവാസിയായ ചെറുവണ്ണൂരിൽ മുഹമ്മദ് കോയ (24) കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുകയായിരുന്നു. മാസങ്ങൾക്ക് ശേഷം ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയയെ 2002 ജൂലൈ 27ന് കാണാതായി.
പോലീസ് അന്വേഷണത്തിൽ ഇയാളുടെ മൃതദേഹം തൊട്ടടുത്ത പൊട്ടക്കിണറ്റിൽ ഉലക്കയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തി. ശങ്കരനാരായണനാണ് മുഹമ്മദ് കോയയെ വെടിവച്ച് കൊന്നതെന്ന് മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശങ്കരനാരായണനെയും കൂട്ടുപ്രതികളായ രണ്ടു പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ 2006 മേയ് മാസത്തിൽ ഹൈക്കോടതി മൂവരെയും വെറുതെ വിടുകയായിരുന്നു.