താത്കാലിക വിസി പുറപ്പെടുവിച്ച വിജ്ഞാപനത്തിനു സ്റ്റേ
Wednesday, April 9, 2025 1:05 AM IST
കൊച്ചി: എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ രജിസ്ട്രാര്‍, പരീക്ഷാ കണ്ട്രോളര് നിയമനങ്ങള്‍ക്കായി താത്കാലിക വിസി പുറപ്പെടുവിച്ച വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ സ്റ്റേ.
താത്കാലിക വിസിയായ ഡോ. കെ. ശിവപ്രസാദിന്റെ നടപടിക്കെതിരേ സിന്‍ഡിക്കറ്റംഗം ഐ.ബി. സതീഷ് എംഎല്‍എ നല്കിയ ഹര്‍ജിയിലാണ് വിജ്ഞാപനത്തിലെ തുടര്‍നടപടികള്‍ ജസ്റ്റീസ് ടി.ആര്.രവി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തത്.
എതിര്‍കക്ഷികള്‍ക്കു നോട്ടീസയച്ച കോടതി വിശദവാദത്തിനായി ഹര്‍ജി മേയ് 21ലേക്ക് മാറ്റി. നിലവിലെ രജിസ്ട്രാര്‍ക്കും പരീക്ഷാകണ്ട്രോളര്ക്കും കാലാവധി നീട്ടി നല്‍കാനുള്ള സിന്‍ഡിക്കറ്റിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശം തള്ളി പുതിയ നിയമനമെന്നാണു പരാതി.
നിയമനകാര്യത്തില്‍ സിന്ഡിക്കറ്റിനുള്ള അധികാരം മറികടക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് അധികാരമുണ്ടോയെന്നു പരിശോധിക്കുന്ന ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ നിയമനനീക്കമെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.