ലോറിയില്‍ ജീപ്പിടിച്ച് രണ്ടുപേര്‍ മരിച്ചു
Wednesday, April 9, 2025 1:05 AM IST
ചിങ്ങവനം: ജീപ്പും പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് ജീപ്പില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തൊടുപുഴ അരിപ്പുഴ കുളത്തിങ്കല്‍ കടവ് സനൂഷ് (42), ബിഹാര്‍ സ്വദേശി കനയ്യകുമാര്‍ (40) എന്നിവരാണു മരിച്ചത്. ബിഹാര്‍ സ്വദേശി ഇസ്തേക്കാര് ഖാന് (29), തമിഴ്നാട് തൃശിനാപ്പള്ളി സ്വദേശി സലമോന്‍ ആല്‍ബനോസ് (44), തെങ്കാശി സ്വദേശി മുരുകേശന് (41) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 2.30ന് എംസി റോഡില്‍ നാട്ടകം പോളിടെക്നിക് കോളജിന് മുന്‍വശത്തായിരുന്നു അപകടം.
ബംഗളൂരുവിൽനിന്ന് പള്ളത്തേക്ക് പാഴ്സലുമായി വന്ന വിആര്‍എല്‍ ലോജിസ്റ്റിക്കിന്റെ ലോറിയില്‍ ചിങ്ങവനം ഭാഗത്തുനിന്ന് എതിര്‍ദിശയില്‍ എത്തിയ ബൊലേറോ ജീപ്പ് നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ജീപ്പില്‍ കുടുങ്ങിയ യാത്രക്കാരെ അഗ്നിരക്ഷാസേന എത്തി ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റവരെ പോലീസ് ജീപ്പിലും ആംബുലന്‍സിലും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സനൂഷിന്റെയും കനയ്യകുമാറിന്റെയും ജീവന് രക്ഷിക്കാനായില്ല. സനൂഷാണ് ജീപ്പ് ഓടിച്ചിരുന്നതെന്നും ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും ചിങ്ങവനം പോലീസ് പറഞ്ഞു.
ഇന്റീരിയർ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. സംഭവത്തെത്തുടർന്ന് മണിക്കൂറുകളോളം എംസി റോഡില്‍ ഗതാഗത തടസമുണ്ടായി.