ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കാൻ നോട്ടീസ് കിട്ടിയ വെൽഡിംഗ് ഷോപ്പുടമ ജീവനൊടുക്കി
Wednesday, April 9, 2025 1:05 AM IST
ബേഡകം: ഗതാഗത നിയമലംഘനത്തിനു പിഴയടയ്ക്കാൻ നോട്ടീസ് കിട്ടിയതിനു പിന്നാലെ വെൽഡിംഗ് ഷോപ്പുടമ ജീവനൊടുക്കിയ നിലയിൽ. ബേഡഡുക്ക വാവടുക്കത്തെ സദാശിവൻ (മണി-49) ആണ് മരിച്ചത്.
ഇരുചക്രവാഹനം ഓടിക്കുമ്പോൾ മദ്യപിച്ചിരുന്നതായി ആരോപിച്ച് ഒരു മാസംമുമ്പ് താന്നിയടിയിൽ വച്ച് ബേക്കൽ പോലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 16,000 രൂപ പിഴയടയ്ക്കാൻ രണ്ടുദിവസം മുമ്പാണ് നോട്ടീസ് ലഭിച്ചത്. ഇതിനു ശേഷം ഇദ്ദേഹം കടുത്ത മനോവിഷമത്തിലായിരുന്നതായി പറയപ്പെടുന്നു.
തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെ കിടപ്പുമുറിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭാര്യ: ബിന്ദു. മക്കൾ: നിർമാല്യ, നവനീത്. മരുമകൻ: ജ്യോതിഷ്.