വാൽപ്പാറയിൽ വീട്ടുമുറ്റത്ത് പുലി
Wednesday, April 9, 2025 1:05 AM IST
തൃശൂർ: തമിഴ്നാട് വാൽപ്പാറയിൽ വീട്ടുമുറ്റത്തു പുലിയെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വാൽപ്പാറ റോട്ടൈക്കാടി ഹൈസ്കൂളിനു സമീപത്തെ ശിവകുമാർ - സത്യ ദമ്പതിമാരുടെ വീട്ടിലാണ് പുലിയെത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ചിനാണു സംഭവം. ഇവരുടെ കുട്ടി കളിക്കുന്നതിനിടെയാണ് പുലി പിന്നിലൂടെയെത്തിയത്. വീട്ടിലുണ്ടായിരുന്ന നായ്ക്കൾ പുലിവരുന്നതു കണ്ട് ഓടി. കുട്ടിയെയും നായ്ക്കളെയും കണ്ടതോടെ പുലിയും തിരിഞ്ഞോടി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുള്ളിപ്പുലിയാണെന്നു തിരിച്ചറിഞ്ഞത്. നിരവധിതവണ പുലിയിറങ്ങിയ പ്രദേശമാണ് ഇവിടം. വിവരം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. പുലിയുടെ പിടിയിൽനിന്നു കുഞ്ഞ് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണു മാതാപിതാക്കൾ.