‘വൃത്തി 2025’ കോൺക്ലേവ് ഇന്നുമുതൽ
Wednesday, April 9, 2025 1:05 AM IST
തിരുവനന്തപുരം: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട മേഖലകളെപ്പറ്റി വിശദമായ ചർച്ചകൾക്കും പരിഹാരാന്വേഷണങ്ങൾക്കുമായി സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വൃത്തി 2025 ’എന്ന പേരിൽ സംഘടിപ്പിക്കുന്ന ദേശീയ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിനു നിശാഗന്ധിയിൽ നടക്കും. തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും.
കേരളത്തെ പൂർണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2023 മാർച്ചിൽ തുടങ്ങിയ ‘മാലിന്യമുക്തം നവകേരളം’ പ്രവർത്തന-പ്രചാരണ പരിപാടിവഴി കേരളം കൈവരിച്ച മികച്ച നേട്ടങ്ങളും വികസിപ്പിച്ച മാതൃകകളും പരീക്ഷിച്ച് വിജയം കണ്ട സാങ്കേതിക വിദ്യകളും നാടിന്റെ വൃത്തിക്കായി പണിയെടുത്ത വ്യക്തികളും സംഘടനകളും തുടങ്ങി എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ ആശങ്കകളും ആശയങ്ങളും വരെ എല്ലാം ഒറ്റ കുടക്കീഴിൽ കൊണ്ടുവരികയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്.