യുവതിയെ തിന്നര്‍ ഒഴിച്ചു തീ കൊളുത്തി
Wednesday, April 9, 2025 1:05 AM IST
ബേഡകം(കാസര്‍ഗോഡ്): യുവതിയെ കടയിൽ അതിക്രമിച്ചു കയറി പെയിന്റ് തിന്നര്‍ ഒഴിച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമം. പത്തുവയസുകാരനായ മകന്റെ മുന്നിൽവച്ചായിരുന്നു സംഭവം. മുന്നാട് മണ്ണടുക്കയിലെ പ്രവാസിയായ നന്ദകുമാറിന്റെ ഭാര്യ രമിത (28) ആണ് ക്രൂരതയ്ക്കിരയായത്.
ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള രമിതയെ മംഗളൂരു എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതത്തെ (57) ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.20ഓടെ ബേഡകം മണ്ണടുക്കയിലാണു സംഭവം. ഇവിടെ ചെറിയൊരു പലചരക്കുകട നടത്തുകയാണ് രമിത. ഇതിനു തൊട്ടടുത്തായി ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുന്നയാളാണ് രാമാമൃതം. തന്റെ കൈയിലുണ്ടായിരുന്ന പെയിന്റ് തിന്നര്‍ രമിതയുടെ ദേഹത്തൊഴിക്കുകയും പന്തംകൊണ്ട് തീകൊളുത്തുകയുമായിരുന്നു. ഈ സമയം രമിതയുടെ മകനും സാധനം വാങ്ങാനെത്തിയ രണ്ടുപേരും കടയിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപെട്ടത്. കട പൂര്‍ണമായും കത്തിനശിച്ചു.
കഴിഞ്ഞ 25 വര്‍ഷമായി ബേഡകം, കുറ്റിക്കോല്‍ ഭാഗങ്ങളിലായി താമസിക്കുന്ന രാമാമൃതം ആറുമാസം മുമ്പാണ് മണ്ണടുക്കയിലെത്തി കച്ചവടം ആരംഭിക്കുന്നത്. മദ്യലഹരിയില്‍ ഇയാള്‍ രമിതയെ അസഭ്യം പറയുകയും തുറിച്ചുനോക്കുകയും ചെയ്യുന്നത് പതിവായിരുന്നു. തുടർന്ന് രമിത രണ്ടാഴ്ച മുമ്പ് ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെങ്കിലും ഇയാളെ താക്കീത് ചെയ്തിരുന്നു. മാത്രമല്ല ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ പോലീസും കെട്ടിട ഉടമ കരുണാകരനും രാമാമൃതത്തോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കടമുറി ഒഴിഞ്ഞ് സാധനങ്ങളുമായി പോകവേയാണ് മദ്യലഹരിയിലായിരുന്ന പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. വിവരമറിഞ്ഞ് ദുബായിലുള്ള ഭര്‍ത്താവ് നന്ദകുമാര്‍ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.