ചോദ്യകർത്താവിനെതിരേ നടപടിയുമായി പിഎസ്സി
Monday, March 31, 2025 5:44 AM IST
തിരുവനന്തപുരം: പിഎസ്സി പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയ സംഭവത്തിൽ നടപടിയുമായി പിഎസ്സി. ചോദ്യകർത്താവിനെ സ്ഥിരമായി ഒഴിവാക്കാനും വകുപ്പുതല നടപടിക്കു ശിപാർശ ചെയ്യുന്നതിനും പിഎസ് സി തീരുമാനിച്ചു. ശനിയാഴ്ച നടന്ന സർവേ വകുപ്പിലെ വകുപ്പുതല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സർവേയർമാർക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ 12.20 വരെയായിരുന്നു പരീക്ഷ. ചോദ്യപേപ്പർ കവർ പൊട്ടിച്ചു വിതരണം ചെയ്തതിനു ശേഷമാണ് കവർ മാറിപ്പോയ വിവരം അറിയുന്നത്. അതും പരീക്ഷ ആരംഭിച്ച് അര മണിക്കൂറോളം കഴിഞ്ഞ്. ചോദ്യം തയാറാക്കിയവർക്കുപറ്റിയ അബദ്ധം മൂലമാണ് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകേണ്ടിവന്നത്. ആറ് മാസം കൂടുന്പോഴാണ് വകുപ്പുതല പരീക്ഷ നടത്തുന്നത്. ഇത്തവണ രണ്ട് വർഷം വൈകിയാണ് പരീക്ഷ നടത്തിയത്. ചോദ്യകർത്താക്കൾ നൽകിയ കവർ അതേ പടി പ്രസിലേക്ക് പോയതാണ് കാരണമെന്ന് പിഎസ്സിയുടെ പ്രതികരണം.
ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവറാണ് അച്ചടിക്കാൻ കൊടുത്തത്. ഇത് അതേപടി പരീക്ഷാ സെന്ററുകളിലേക്ക് നൽകുന്നതാണ് രീതി. അതേസമയം ചോദ്യങ്ങൾ മാത്രമാണ് പരീക്ഷാ സെന്ററുകളിലേക്ക് നൽകേണ്ടിയിരുന്നതെന്നും പിഎസ്സി വ്യക്തമാക്കുന്നു. വൈകാതെ പുനഃപരീക്ഷ നടത്തുന്നതിനാണ് പിഎസ്സി അധികൃതർ തയാറെടുക്കുന്നത്.