ലഹരി ഉപയോഗവും അക്രമവാസനയും നിരീക്ഷിക്കാന്‍ തിങ്ക് ടാങ്ക്
സ്വന്തം ലേഖകന്‍
Monday, March 31, 2025 5:44 AM IST
തിരുവനന്തപുരം: ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഒരു തിങ്ക് ടാങ്ക് രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.
യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരി വസ്തുക്കളുടെ വില്‍പ്പന, ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായി സര്‍ക്കാരിനെ അറിയിക്കാന്‍ സഹായിക്കുന്ന വെബ് പോര്‍ട്ടല്‍ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തെയാകെ ഉത്കണ്ഠപ്പെടുത്തുന്ന ഗൗരവതരമായ രണ്ടു വിഷയങ്ങളാണ് കുട്ടികളിലെ വര്‍ധിച്ചുവരുന്ന ആക്രമണോത്സുകതയും മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗവും. ഇതിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, അതുകൊണ്ടുമാത്രം കാര്യമായില്ല. ഭൗതിക കാരണങ്ങള്‍ മാത്രമല്ല, സാമൂഹിക മാനസിക കാരണങ്ങള്‍ കൂടിയുണ്ട് ഇവയ്ക്കു പിന്നില്‍. അതുകൊണ്ടുതന്നെ ഇവയെ വേരോടെ അറുത്തുനീക്കാന്‍ ഭരണനടപടികള്‍ക്കൊപ്പം സാമൂഹികമായ ഇടപെടലുകളും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമം കര്‍ശനമായി നടപ്പാക്കുമ്പോള്‍തന്നെ ഫസ്റ്റ് ടൈം ഒഫെന്‍ഡേഴ്സ് ആയിട്ടുള്ള കുട്ടികളോട് നിയമപരമായിരിക്കെത്തന്നെ മനുഷ്യത്വപരം കൂടിയായ സമീപനം സ്വീകരിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഉയരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉള്ള സമിതി സമഗ്രമായ കര്‍മ പദ്ധതി ഒരുക്കും. അതിനനുസരിച്ചാകും ലഹരി രക്ഷാ ബോധവത്കരണ പരിപാടികള്‍ സര്‍ക്കാര്‍ ചിട്ടപ്പെടുത്തുക. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്, എം.ബി. രാജേഷ്, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ആര്. ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, മുന്‍ ചീഫ് സെക്രട്ടറി വി. വേണു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.