കീടനാശിനി അവശിഷ്ട നിരീക്ഷണത്തിന് കമ്മിറ്റി രൂപീകരിച്ചു
Monday, March 31, 2025 5:24 AM IST
കോഴിക്കോട്: കാര്‍ഷികോത്പന്നങ്ങളില്‍ കീടനാശിനി അവശിഷ്ടങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിനും ഗുണമേന്മയുള്ള കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയുമായി സംസ്ഥാനം. ഇതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല കീടനാശിനി അവശിഷ്ട നിരീക്ഷണ സമിതി രൂപീകരിച്ചു. വിവിധ കാര്‍ഷികോത്പന്നങ്ങളില്‍ കീടനാശിനി അവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്തുകയും അത് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
കര്‍ഷകര്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും ഗുണമേന്മയുള്ള കൃഷിരീതികളെക്കുറിച്ച് അവബോധം നല്‍കാനും സമിതി പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് ഉയര്‍ന്ന കീടനാശിനി അവശിഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിളകളും പ്രദേശങ്ങളും തിരിച്ചറിഞ്ഞ് ഫലപ്രദമായ പ്രതിരോധ നടപടികള്‍ നടപ്പാക്കുകയും സമിതിയുടെ ലക്ഷ്യമാണ്. കീടനാശിനി അവശിഷ്ട മാനേജ്മെന്റിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യണം.
കാര്‍ഷികോത്പാദന കമ്മീഷണറാണ് സമിതിയുടെ ചെയര്മാന്. കൃഷി ഡയറക്ടര്‍, കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം ഡയറക്ടര്‍, വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട ഗവേഷണ ലാബ് അസോസിയറ്റ് പ്രഫസര്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) പ്രതിനിധി, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ (മാര്‍ക്കറ്റിംഗ്), സെന്‍ട്രല്‍ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് സെന്ററിലെ പ്ലാന്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, കൃഷി വിജ്ഞാന കേന്ദ്രത്തിലെ സോണല്‍ കോ ഓര്‍ഡിനേറ്റര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഗുണമേന്മയുള്ള കാര്‍ഷിക രീതികള്‍ വ്യാപകമാക്കുന്നതിലൂടെ സുരക്ഷിതമായ ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് വിലയിരുത്തല്‍.