കുരങ്ങ് ശല്യത്തിൽനിന്നു രക്ഷപ്പെടാൻ ഇനി ആൺവേഷം കെട്ടാനില്ലെന്ന് ഏലിക്കുട്ടി
രാജൻ വർക്കി
Monday, March 31, 2025 4:52 AM IST
പേരാമ്പ്ര: നാലുവർഷം മുമ്പ് കാട്ടു കുരങ്ങുകളാൽ വലയുന്ന ഒരു വയോധികയുടെ പോരാട്ടം ദീപികയിൽ പ്രത്യേക വാർത്തയായിരുന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽപെട്ട ഉണ്ടംമൂലയിലെ തുണ്ടത്തിൽകുന്നേൽ ഏലിക്കുട്ടിയായിരുന്നു സംഭവകഥയിലെ നായിക.
തന്റെ വീടിനു പിന്നിലെ പെരുവണ്ണാമൂഴി വനത്തിൽനിന്നു കൃഷിയിടത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകളിലൂടെ എത്തുന്ന കുരങ്ങിൻകൂട്ടം ജീവനു ഭീഷണിയുയർത്തി വരുത്തുന്ന നാശനഷ്ടങ്ങളും ഇതിനെതിരേയുള്ള ഇവരുടെ പോരാട്ടങ്ങളുമായിരുന്നു അന്ന് വാർത്തയായത്. കൃഷിയിടത്തിലുള്ള തെങ്ങുകളിൽ എത്തി കരിക്കും മച്ചിങ്ങയും പറിച്ച് ഏലിക്കുട്ടിയെ കുരങ്ങുകൾ നിരന്തരം എറിയുമായിരുന്നു. ഒരു കാര്യത്തിനും വീടിന്റെ പിന്നിലെത്താൻ ഇവർക്കു സാധ്യമല്ലായിരുന്നു.
പുരുഷൻമാരെ കണ്ടാൽ കുരങ്ങുകൾ സ്ഥലം വിടുന്നത് മനസിലാക്കി ഏലിക്കുട്ടി അന്ന് ആൺ വേഷം കെട്ടി വീടിനു പുറത്തിറങ്ങി. ഇത് കണ്ട വാനരൻമാർ ആളെ തിരിച്ചറിയാതെ ഓട്ടമായി. ഇത് വാർത്തയായതോടെ വനപാലകരുണരുകയും വനത്തിൽനിന്നു കൃഷിയിടത്തിലേക്ക് ചാഞ്ഞു നിന്നിരുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റി കുരങ്ങുശല്യത്തിനു പരിഹാരമുണ്ടാക്കുകയുമായിരുന്നു. ഈ മരങ്ങൾ പിന്നെയും വളർന്ന് ഇപ്പോൾ പഴയ പടിയായി.
ഇപ്പോൾ ഒരു മാസമായി കുരങ്ങുകൾ കൂട്ടത്തോടെ എത്തി ഒളിച്ചിരുന്ന് ഏലിക്കുട്ടിക്കുനേരേ കരിക്കും മറ്റും പറിച്ച് എറിയുകയാണ്. ഇവർ മുറ്റമടിക്കാൻ പോലും വീടിന്റെ പിന്നിലേക്ക് വരാതായി. ഒറ്റക്ക് താമസിക്കുന്ന രോഗിയായ ഇവരുടെ കൈയിലുള്ളത് രക്ഷാ മാർഗമായി ഒരു വടിയാണ്. അപ്രതീക്ഷിത അക്രമണത്തിൽനിന്നു രക്ഷപ്പടാനാണത്.
പുറത്തിറങ്ങാൻ തീരെ കഴിയാതായതോടെ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, വാർഡ് മെംബർ കെ.എ. ജോസ്കുട്ടി എന്നിവരെ വിവരമറിയിച്ചു. ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുമെന്ന ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം ഏലിക്കുട്ടിക്കറിയാം. വിവരം ലഭിച്ച ഉടനെ പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത് എന്നിവരും ചെമ്പനോടയിലെ പൊതുപ്രവർത്തകരായ ടോമി മണ്ണൂർ, ജോബി എടച്ചേരി, ജയേഷ് ചെമ്പനോട തുടങ്ങിയവരും കഴിഞ്ഞ ദിവസം ഏലിക്കുട്ടിയുടെ വീട്ടിലെത്തി.
വയോധികയുടെ പ്രശ്നങ്ങൾ മുഴുവൻ പ്രസിഡന്റും സംഘവും മനസിലാക്കി. ഉടൻ പ്രതിവിധി ഉണ്ടാക്കാമെന്ന് പ്രസിഡന്റ് കെ. സുനിൽ ഏലിക്കുട്ടിയെ ആശ്വസിപ്പിച്ചു. ആദ്യ ഘട്ടമായി വനപാലകരെ ബന്ധപ്പെട്ട് വനത്തിൽനിന്നു കുരങ്ങുകൾ കൃഷിയിടത്തിലേക്ക് എത്തുന്ന മരക്കൊമ്പുകൾ നീക്കാൻ സത്വര നടപടി സ്വീകരിക്കും. വെടിവയ്ക്കുമോയെന്ന ചോദ്യത്തിനു ജനങ്ങളുടെ ജീവനും സ്വത്തും സംരംക്ഷിക്കാൻ പഞ്ചായത്തിന് കടമയും നിയമപരമായ അധികാരവുമുണ്ടെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. ഈ ഉറപ്പിൽ ആശ്വസിക്കുകയാണ് ഏലിക്കുട്ടി.