3,000 രൂപ മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ
Monday, March 31, 2025 5:24 AM IST
ആലുവ: ട്രെയിനില്‍നിന്ന് വീണുമരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടേതായി പോലീസ് സ്റ്റേഷനിൽ എത്തിച്ച പഴ്സിൽനിന്ന് 3,000 രൂപ മോഷ്ടിച്ച എസ്ഐക്ക് സസ്പെന്ഷന്. ആലുവ ടൗൺ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ യു. സലീമിനെതിരേയാണ് നടപടി.
കഴിഞ്ഞ 19നാണ് ആലുവ സ്റ്റേഷൻ വിട്ട ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ ആസാം സ്വദേശിയായ ജിതുൽ ഗോഗോയ്(27) വീണുമരിച്ചത്. ഇയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുക നഷ്ടപ്പെട്ടതിനെപ്പറ്റി പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സിസി ടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.
പഴ്സില്‍ 8,000 രൂപയുണ്ടെന്ന് ഇൻക്വസ്റ്റ് നടത്തിയപ്പോൾ പോലീസ് കണക്കെടുത്തിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ഇയാളുടെ ബാഗ് ഉൾപ്പെടെയുള്ളവ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതില്‍നിന്നു 3,000 രൂപയാണ് എസ്ഐ എടുത്തത്. എന്നാല്‍ ഇന്‍ക്വസ്റ്റ് ചെയ്യാന്‍ സഹായിച്ചയാൾക്കുവേണ്ടിയാണ് പണം എടുത്തതെന്നാണ് എസ്ഐയുടെ നിലപാട്. പെരുമ്പാവൂര്‍, കോതമംഗലം സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്ന സലീമിനെതിരേ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് മുമ്പും നടപടി ഉണ്ടായിട്ടുണ്ടെന്ന് സൂചനയുണ്ട്.