ശ്രേഷ്ഠാചാര്യന് ഊഷ്മള വരവേൽപ്
സ്വന്തം ലേഖകൻ
Monday, March 31, 2025 4:52 AM IST
വാഴുക മോദാൽ
വാഴുക താതാ...
വാഴുക ശ്രേഷ്ഠ പിതാവേ...
നീണാൾ വാഴുക സഭയിൽ
വാഴുക മേൽമേൽ
അതിമോദാൽ....
കൊച്ചി : തിങ്ങി നിറഞ്ഞ വിശ്വാസിസാഗരം തങ്ങളുടെ ശ്രേഷ്ഠാചാര്യനെ അത്യാഹ്ളാദത്തോടെ വരവേൽക്കുമ്പോൾ യാക്കോബായ സുറിയാനി സഭയുടെ ആകാശങ്ങളിൽ ഈ വരികൾ ഈണത്തിൽ ഉയർന്നു. നീണാൾ വാഴുക ശ്രേഷ്ഠ പിതാവേ... അന്ത്യോഖ്യ- മലങ്കര ബന്ധം സുദൃഢമാക്കാൻ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ തുടർച്ചയാകാൻ പുതിയ കാതോലിക്കാബാവായെ ലഭിച്ചതിന്റെ സന്തോഷസംഗീതം സഭയാകെ ഏറ്റുപാടി.
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സഭാകേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഊഷ്മള വരവേൽപ്പാണ് നല്‍കിയത്. ഇന്നലെ ഉച്ചയ്ക്ക് പ്രത്യേകവിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ബാവയെ സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും വര്‍ക്കിംഗ് - മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിച്ചു. തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ബാവ പുത്തൻകുരിശ് പാത്രിയര്‍ക്കാ സെന്ററിലേക്ക്. പെരുമ്പാവൂര്‍ വഴിയുള്ള യാത്രയിലുടനീളം വിശ്വാസികൾ ബാവായ്ക്ക് ആശംസകളുമായി കാത്തുനിൽപ്പുണ്ടായിരുന്നു.
പാത്രിയര്‍ക്കാ സെന്ററിന്റെ പ്രധാനകവാടത്തിൽ നിന്ന് ശ്രേഷ്ഠ ബാവായെ പാത്രിയർക്കാ സെന്ററിലേക്ക് ബാൻഡ് മേളങ്ങളുടെ അകന്പടിയോടെ ആഘോഷമായാണ് ആനയിച്ചത്. ആയിരക്കണക്കിനു വിശ്വാസികൾ ബാവയെ വരവേൽക്കാനെത്തിയിരുന്നു.അവർക്കിടയിലൂടെ എല്ലാവരെയും ആശീർവദിച്ച് അദ്ദേഹം നടന്നുനീങ്ങി.
അല്മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ മരക്കുരിശും വൈദിക ട്രസ്റ്റി ഫാ. റോയ് ജോര്‍ജ് കട്ടച്ചിറ ബൈബിളും സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു പാത്രിയര്‍ക്കാ പതാകയും സ്ലീബ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ മെഴുകുതിരിയും വഹിച്ചു മുന്നില്‍ നീങ്ങി. തൊട്ടുപിന്നില്‍ സീനിയോറിറ്റി ക്രമപ്രകാരം ഒറ്റവരിയായി മെത്രാപ്പോലീത്തമാരും കാതോലിക്കാ ബാവയും പള്ളിയില്‍ പ്രവേശിച്ചു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കബറിടത്തില്‍ ധൂപപ്രാര്‍ഥന അര്‍പ്പിച്ച ശേഷം സുന്ത്രോണീസോ (സിംഹാസനാരോഹണം) ശുശ്രൂഷകൾ ആരംഭിച്ചു.
പ്രാരംഭ പ്രാര്‍ഥനയ്ക്കുശേഷം നവാഭിഷിക്തന് മദ്ബഹാ മധ്യേ സിംഹാസനത്തില്‍ ഉപവിഷ്ടനായി. അംശവസ്ത്രങ്ങളണിഞ്ഞു സഹകാര്‍മികരായ മെത്രാന്മാര് നാലുപേര്‍വീതം ഇരുവശത്തുമിരുന്നു. ഏബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികനായി. പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായെത്തിയ ബെയ്റൂട്ട് ആര്‍ച്ചുബിഷപ് മാര്‍ ഡാനിയേല്‍ ക്ലിമീസ്, പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറിയും ഹോംസിലെ ആര്‍ച്ചുബിഷപ്പുമായ മാര്‍ തിമോഥിയോസ് മത്താ അല്‍ ഘോറി, ആലപ്പോ ആര്‍ച്ചുബിഷപ് മാര്‍ ബുട്രോസ് അല്‍ ഖാസിം എന്നിവരും സഹകാര്‍മികരായി.
നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബാവായെ സഭ ഔദ്യോഗികമായി ഒന്നാകെ അംഗീകരിക്കുന്നു എന്നതിന്റെ അടയാളമായി ‘ഓക്സിയോസ്’ ചൊല്ലി. സഭയിലെ വൈദികരും വിശ്വാസികളും ‘അങ്ങ് യോഗ്യന്‍, അങ്ങയെ ഞങ്ങൾ അംഗീകരിക്കുന്നു’ എന്ന് മൂന്നുപ്രാവശ്യം ഏറ്റു പറയുന്ന സുന്ത്രോണീസോ ശുശ്രൂഷ ചടങ്ങിന്റെ ശ്രേഷ്ഠത വിളിച്ചോതി. ശ്രേഷ്ഠ ബാവായെ സിംഹാസനത്തിലിരുത്തി മൂന്നു തവണ ഉയര്‍ത്തി. പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അധികാരപത്രം (സുസ്താത്തിക്കോൻ) ബെയ്റൂട്ട് ആർച്ച് ബിഷപ് മാർ ഡാനിയൽ ക്ലീമീസ് മെത്രാപ്പോലീത്ത വായിച്ചു. അധികാരശ്രേണിയുടെ പ്രതീകമായി അംശവടി കൈമാറി.
തുടർന്നു വിശ്വാസപ്രമാണം ചൊല്ലി ശുശ്രൂഷ പൂര്‍ത്തിയാക്കി. സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹകാര്‍മികരായി. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ തുടങ്ങി വിവിധ സഭകളുടെ അധ്യക്ഷന്മാർ ശുശ്രൂഷകളിൽ പങ്കെടുത്തു. ശ്രേഷ്ഠ കാതോലിക്കാ ബാവായെ അനുമോദിച്ച് നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ്, എംപിമാർ, എംഎൽഎ മാർ, ജനപ്രതിനിധികൾ, വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- സാമുദായിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവർ പങ്കെടുത്തു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, പുനലൂര്‍ ബിഷപ് സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര മാര്‍ത്തോമ്മാ സഭ മെത്രാപ്പോലീത്ത തോമസ് മാര്‍ തിമോത്തിയോസ്, തൊഴിയൂര്‍ സഭയിലെ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, കല്‍ദായ സഭയുടെ മാര്‍ ഔഗേന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ചര്‍ച്ചിന്റെ സാമുവേല്‍ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ.ആന്റണി വാലുങ്കല്‍ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.