ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ രണ്ട് ഹെൽമറ്റുകൾ നിർബന്ധമാക്കും
എസ്.ആർ. സുധീർ കുമാർ
Monday, March 31, 2025 5:06 AM IST
കൊല്ലം: രാജ്യത്ത് വിൽപ്പന നടത്തുന്ന എല്ലാ ഇരുചക്ര വാഹങ്ങൾക്കും ഒപ്പം രണ്ട് ഐഎസ്ഐ സർട്ടിഫൈഡ് ഹെൽമറ്റുകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. നിലവിൽ ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ ഒരു ഹെൽമെറ്റ് സൗജന്യമായി നൽകുന്നുണ്ട്. ഇത് രണ്ടാക്കി ഉയർത്താനാണ് തീരുമാനം.
ഇതു സംബന്ധിച്ച സൂചനകൾ കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നൽകി. ഇരുചക്ര വാഹന ഹെൽമറ്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ടിഎച്ച്എംഎ) നിരന്തര ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
രാജ്യത്ത് പ്രതിവർഷം കുറഞ്ഞത് 4,80,000 റോഡപകടങ്ങളും 1,88,000 മരണങ്ങളും സംഭവിക്കുന്നതായാണ് കണക്ക്. ഈ അപകടങ്ങളിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് സംഭവിക്കുന്നത്. ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട് ഓരോ വർഷവും 69,000ലധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ പകുതിയിലേറെയും ഹെൽമറ്റ് ധരിക്കാത്തതിനാൽ സംഭവിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഷോറൂമുകളിൽനിന്ന് പുതുതായി വിൽക്കപ്പെടുന്ന എല്ലാ ടൂ വീലറുകൾക്കും ഒപ്പം രണ്ട് ഹെൽമറ്റ് നൽകുന്നത് നിർബന്ധമാക്കുന്നത്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് അടയാളം വഹിക്കുന്നതുമായ ഹെൽമെറ്റുകണ് ഐഎസ്ഐ സർട്ടിഫൈഡ് ഹെൽമറ്റുകൾ.
കർശനമായ ഗുണനിലവാര സുരക്ഷാ പരിശോധനകളിൽ ഹെൽമറ്റ് വിജയിച്ചുവെന്ന് ഈ സർട്ടിഫിക്കേഷൻ ഉറപ്പാക്കുന്നു. ഐഎസ്ഐ മാർക്കുള്ള ഹെൽമറ്റുകൾ മാത്രമാണ് നിരത്തുകളിൽ സർക്കാർ അംഗീകരിച്ചിട്ടുള്ളത്.