ക്ഷേമപെന്ഷന് വിതരണം: ഇന്‍സെന്റീവ് മുടങ്ങിയിട്ട് 10 മാസം
Monday, March 31, 2025 5:24 AM IST
കാസര്‍ഗോഡ്: പൊരിവെയിലില്‍ ക്ഷേമപെന്ഷന് വീടുകളിലെത്തിച്ചുനല്കുന്ന സഹകരണബാങ്ക് ജീവനക്കാര്‍ ചെയ്ത ജോലിക്കുള്ള ഇന്‍സെന്റീവ് ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ കൈമലര്‍ത്താന്‍ തുടങ്ങിയിട്ട് 10 മാസം. ക്ഷേമപെന്‍ഷന്‍കാര്‍ക്ക് മൂന്നുമാസത്തെ കുടിശികയാണ് കൊടുക്കാനുള്ളത്. വീടുകളില്‍ നേരിട്ടെത്തി പെന്ഷന് വിതരണം ചെയ്യുന്നതിന് ഇരുചക്രവാഹനത്തില്‍ പെട്രോള്‍ അടിക്കാന്പോലും പണമില്ലാതെ വലയുകയാണ് ജീവനക്കാര്‍.
വാഹനങ്ങളെത്താന്‍ സൗകര്യമില്ലാത്ത വീടുകളിലേക്ക് നടന്നെത്തുകയും വേണം. സഹകരണബാങ്കുകളിലെ ഡെപ്പോസിറ്റ് കളക്ടര്‍മാരെയും നൈറ്റ് വാച്ച്മാന്മാരെയുമാണ് ബാങ്ക് അധികൃതര്‍ പെന്ഷന് വിതരണച്ചുമതല ഏല്പിച്ചിരിക്കുന്നത്. ഒരാള്‍ക്ക് പെന്ഷന് എത്തിച്ചുനല്കുമ്പോള് 25 രൂപയാണ് ഇന്‍സെന്റീവായി ലഭിക്കുക. നേരത്തേ 40 രൂപയായിരുന്നത് പിന്നീട് 25 രൂപയായി കുറയ്ക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് പെന്ഷന് വിതരണം ചെയ്ത ജീവനക്കാര്‍ക്ക് അവസാനമായി ഇന്‍സെന്റീവ് നല്‍കിയത്. ഒരാള്‍ക്ക് രണ്ടു വാര്‍ഡുകളില്‍വരെ പെന്ഷന് വിതരണച്ചുമതലയുണ്ട്. ശരാശരി 300 മുതല്‍ 400 വരെ വീടുകളില്‍ പെന്ഷന് എത്തിക്കണം. 300 വീടുകള്‍ കണക്കാക്കിയാല്‍തന്നെ പ്രതിമാസം 7500 രൂപ ഇന്‍സെന്റീവ് ഇനത്തില്‍ ഒരു ജീവനക്കാരനു ലഭിക്കണം.
10 മാസത്തെ കുടിശിക കണക്കാക്കിയാല്‍ 75,000 രൂപ ഒരു ജീവനക്കാരനുതന്നെ കുടിശികയായി നല്‍കാനുണ്ട്. രണ്ടുമാസത്തെ ക്ഷേമപെന്ഷന് ഒന്നിച്ചുനല്കുമ്പോള് ഒരു മാസത്തെ ഇന്‍സെന്റീവ് മാത്രമാണ് ജീവനക്കാരന് ലഭിക്കുന്നത്. അല്ലെങ്കില്‍ ഇപ്പോള്‍ കുടിശിക 13 മാസം കടക്കുമായിരുന്നു.
എന്നാല്‍ രണ്ടു പെന്‍ഷനുകള്‍ വിതരണം ചെയ്തതിനും പ്രത്യേകം വൗച്ചറുകള്‍ തയാറാക്കണം. 2024 ഡിസംബറിലെ ക്ഷേമപെന്ഷന് വിതരണത്തിനായി ബാങ്കുകളില്‍ എത്തിയിട്ടുണ്ട്. രണ്ടുദിവസത്തിനകം കൊടുത്തുതീര്‍ക്കണമെന്നാണ് ജീവനക്കാര്‍ക്കു ലഭിച്ച നിര്‍ദേശം. പെന്ഷന് വിതരണം ചെയ്തതിനുശേഷം ലഭിക്കാനുള്ള ഇന്‍സെന്റീവ് കുടിശികയാണെങ്കിലും പെന്ഷന് കാത്തിരിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ നിരാശാക്കാന് കഴിയില്ലല്ലോ എന്നാണ് ജീവനക്കാര്‍ പറയുന്നത്.