സമ്മര്‍ദം കുറയ്ക്കാന്‍ സ്കൂളില്‍ സുംബാ ഡാന്‍സ്
Monday, March 31, 2025 5:06 AM IST
തിരുവനന്തപുരം: കുട്ടികളിലെ സമ്മര്‍ദം കുറക്കാന്‍ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാന്‍സ് അടക്കമുള്ള വിനോദങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി.
യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിനായി സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യരൂപം മാത്രമുള്ള ജീവികളായി കുട്ടികള്‍ മാറുന്നത് ഒഴിവാക്കണം. പാഠ്യപദ്ധതി പരിഷ്ക്കരണത്തിനൊപ്പം കുട്ടികളിലെ സമ്മര്‍ദം കുറയ്ക്കാന്‍ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാന്‍സ് അടക്കം കായിക വിനോദങ്ങള്‍ക്ക് മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
അടുത്ത അധ്യയന വര്‍ഷം തന്നെ നടപ്പാക്കും: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യങ്ങള്‍ പ്രായോഗികമാക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടര്‍ തയാറാക്കും. രക്ഷാകര്തൃബന്ധം കൂടുതല്‍ സുദൃഢമാക്കാനായി സ്കൂള്‍ തലങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.