സംസ്ഥാനത്തിന്റെ ആകെ പദ്ധതിച്ചെലവ് 92.32 ശതമാനം കടന്നു: ധനമന്ത്രി
Monday, March 31, 2025 5:24 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാന്പത്തിക ഉപരോധത്തിനിടയിലും ഈ സാന്പത്തിക വർഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 92.32 ശതമാനം കടന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
പദ്ധതികൾക്ക് മുൻഗണന നിശ്ചയിച്ചപ്പോൾ ഉയർന്ന പ്രധാന ആക്ഷേപം പദ്ധതി ചുരുക്കുന്നു എന്നതായിരുന്നു. എന്നാൽ പദ്ധതിച്ചെലവിൽ ഒരു വെട്ടിക്കറുവും ഉണ്ടായിട്ടില്ലെന്നാണ് വർഷാന്ത്യ കണക്കുകൾ വ്യക്തമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് അന്പത് ശതമാനം കടക്കില്ലെന്നായിരുന്നു മറ്റൊരു ആക്ഷേപം. എന്നാൽ തദ്ദേശ സ്ഥാപന പദ്ധതിച്ചെലവ് 110 ശതമാനം പിന്നിട്ടെന്നും ധനമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
മാർച്ചിൽ മാത്രം 26,000 കോടി രൂപയാണു ചെലവഴിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ചെലവാണിത്. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ശരാശരി 1.60 ലക്ഷം കോടിയായിരുന്നു ശരാശരി ചെലവ്. മുൻവർഷങ്ങളിൽ 1.15 ലക്ഷം കോടി മുതൽ 1.17 ലക്ഷം കോടി വരെയും. ഇതുമായെല്ലാം താരതമ്യം ചെയ്യുന്പോൾ മെച്ചപ്പെട്ട നിലയാണ് 2024-25 സാന്പത്തിക വർഷം രേഖപ്പെടുത്തിയത്. കേന്ദ്രത്തിന്റെ വെട്ടിക്കുറയ്ക്കലുകളില്ലായിരുന്നെങ്കിൽ വാർഷിക ചെലവ് 2.25 ലക്ഷം കോടിയായി ഉയരുമായിരുന്നു.
പ്രാഥമിക കണക്കുകൾ പ്രകാരം തദ്ദേശ പ്ലാനും സംസ്ഥാന പ്ലാനും ഉൾപ്പെടുന്ന സംസ്ഥാനത്തെ ആകെ പദ്ധതിച്ചെലവ് 92.32 ശതമാനമാണ്. ശനിയാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം ഇത് 28,039 കോടി കടന്നു. ഇതിൽ സംസ്ഥാന പ്ലാനിലെ ചെലവഴിക്കൽ 85.66 ശതമാനമാണ് ( 18,705.68 കോടി ). തദ്ദേശ പദ്ധതികളിലെ ചെലവഴിക്കൽ 110 ശതമാനവും ( 9333.03 കോടി രൂപ). കേന്ദ്രസഹായത്തോടെ പദ്ധതികളിൽ വേണ്ടത്ര മുന്നോട്ടുപോകാനായില്ല. 50 ശതമാനത്തിൽ താഴെയാണിത്.
കഴിഞ്ഞ വർഷം സംസ്ഥാന പദ്ധതി ചെലവ് 80.52 ശതമാനമായിരുന്നു. തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 84.7 ശതമാനവും. 2022-23ൽ സംസ്ഥാന പദ്ധതി ചെലവ് 81.8 ശതമാനവും തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 101.41 ശതമാനവുമായിരുന്നു.
തനത് നികുതി വരുമാനം 84,000 കോടി കടക്കുമെന്നാണ് സൂചന. പുതുക്കിയ അടങ്കലിൽ തനത് നികുതി 81,627 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നികുതിയേതര വരുമാനം മാർച്ച് 27 വരെയുള്ള അനുമാനക്കണക്കിൽ 15,632 കോടിയായി. അന്തിമ കണക്കുകൾ വരുന്പോൾ ഈ തുക ഇനിയും ഉയരുമെന്നും ധനമന്ത്രി വ്യക്തമാക്കി.