ബിഷപ്പിനെതിരായ കേസ് അപലപനീയം: എഐസിയു
Monday, March 31, 2025 5:06 AM IST
കൊച്ചി: ആലുവ-മൂന്നാര്‍ രാജപാതയിലൂടെ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുജന മുന്നേറ്റ യാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരേ കേസെടുത്ത നടപടി അധികാര ദുര്‍വിനിയോഗവും അപലപനീയവുമാണെന്ന് ഓള് ഇന്ത്യ കാത്തലിക് യൂണിയന് (എഐസിയു) സംസ്ഥാന സമിതി.
പ്രതിഷേധിക്കാനുള്ള മൗലികാവകാശം പോലും വനനിയമത്തിന്റെ പേരില്‍ നിഷേധിക്കുന്ന വനം വകുപ്പ് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. മാര്‍ പുന്നക്കോട്ടിലിനെതിരേ കേസെടുത്ത നടപടി ഉടന്‍ പിന്‍വലിക്കണമെന്നും മൂന്നാര്‍ രാജപാത പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജോസ് ആന്റണിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന ചെയര്മാന് അല്‍ഫോന്‍സ് പെരേസ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ബാബു അത്തിപ്പൊഴിയില്‍, ട്രഷറര്‍ ജോണ്‍ ബ്രിട്ടോ, സംസ്ഥാന ഭാരവാഹികളായ ആന്റണി തൊമ്മാന, ഡോ. ദൈവസഹായം, തോമസ് തേവരത്ത്, സി.ജെ. ജയിംസ്, ജോസ് കുരിശുങ്കല്‍, സൈബി അക്കര, ഫ്രാന്‍സി ആന്റണി, പ്രഫ. ജെ. ജേക്കബ്, ബാബു അമ്പലത്തുകാല എന്നിവര്‍ പ്രസംഗിച്ചു.