സഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണമെന്ന് കാതോലിക്കാ ബാവാ
Monday, March 31, 2025 4:52 AM IST
കൊച്ചി: മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണമെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.
ഓര്‍ത്തഡോക്സ് വിഭാഗവുമായി കേസ് കൊടുത്ത് മുന്നോട്ട് പോകുവാന്‍ ആഗ്രഹിക്കുന്നില്ല. ദൈവത്താല്‍ സ്ഥാപിതമായ പരിശുദ്ധസഭയെ ഇകഴ്ത്താനും തകര്‍ക്കാനും ഒരു ശക്തിക്കും കഴിയില്ല. വ്യവഹാരത്തില്‍ മരിക്കുന്ന ഒരു സഭയുടെ അമരക്കാരനായി ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കേസുകള്‍ അവസാനിപ്പിച്ച് സഹോദരരെപോലെ കഴിയാം. ആവശ്യപ്പെടുന്ന പക്ഷം ഓര്‍ത്തഡോക്സ് വിഭാഗം കാതോലിക്കാ ബാവായുമായി അനുരഞ്ജന ചര്‍ച്ചയ്ക്ക് തയാറാണെന്നും ബാവാ കൂട്ടിച്ചേര്‍ത്തു.
പൗരോഹിത്യത്തിന്റെ ഉറവിടം പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തില്നിന്നാണ്. വ്യവഹാരത്തിന് വേണ്ടി മുടക്കുന്ന കോടിക്കണക്കിന് രൂപ സമൂഹനന്മയ്ക്കായി വിനിയോഗിക്കാന്‍ കഴിയണമെന്നാണ് ആഗ്രഹമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.