കെഎസ്ആർടിസിയുടെ ചലോ ആപ്പിന് ഇടിഎമ്മിനെക്കാൾ ഇരട്ടി തുക സർവീസ് ചാർജ്
പ്രദീപ് ചാത്തന്നൂർ
Monday, March 31, 2025 5:06 AM IST
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ചലോ ആപ് സ്ഥാപിക്കുന്നതോടെ കെഎസ്ആർടിസിക്ക് സർവീസ് ചാർജ് ഇനത്തിൽ ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് ജീവനക്കാർ. ഒരു വർഷം സർവീസ് ചാർജ് ഇനത്തിൽ 11 കോടിയോളം രൂപയാണ് നല്കേണ്ടത്. 5500 ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇടിഎം) വാങ്ങിയതിന് ഏകദേശം അഞ്ചു കോടിയോളം (5,07,84,250) രൂപയാണ് ചെലവായത്.
ചലോ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പിനിയുടെ സേവനങ്ങളാണ് കെഎസ്ആർടിസി തേടിയത്. നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി), ക്ലോസ് ഐ ലൂപ്പ് കാർഡ് എന്നിവ ഉപയോഗിക്കാൻ സാധിക്കുന്ന ഡിജിറ്റൽ ടിക്കറ്റിംഗ് സൊല്യൂഷൻ ആണ് ഏർപ്പെടുത്തുന്നത്. എല്ലാ വിധ കൺസഷൻ യാത്രക്കാരെയും യാത്രക്കാരുടെ ലഗേജുകളെയും ഈ സേവനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സർവീസ് ചാർജ് ഇനത്തിൽ ഒരു ടിക്കറ്റിന് 13.7 പൈസയും ജിഎസ്ടിയും ഉൾപ്പെടെ 17 പൈസയോളം സ്വകാര്യ കമ്പനിക്ക് നല്കണം. കെഎസ്ആർടിസിയിൽ കഴിഞ്ഞ മേയിലെ കണക്കനുസരിച്ച് ഒരു ദിവസം ഏകദേശം 18,93,594 യാത്രക്കാർ സഞ്ചരിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഒരു ദിവസം മൂന്ന് ലക്ഷത്തോളം രൂപയും വർഷം 11 കോടി രൂപയുമാണ് സ്വകാര്യ കമ്പനിക്ക് നല്കേണ്ടത്. ഇടിഎം വാങ്ങിയതിന്റെ ഇരട്ടിയോളം തുക ഒരു വർഷം സർവീസ് ചാർജായി കമ്പനി ഈടാക്കും.
സ്വകാര്യകമ്പനിയുടെ സേവനങ്ങൾക്ക് രഹസ്യാത്മകത ഇല്ലെന്നും ആരോപണമുണ്ട്. സ്വകാര്യ ബസ് സർവീസുകാരും ഈ കമ്പനിയുടെ സേവനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ ബസ് സർവീസുകളുടെ വിവരങ്ങൾ ചോർന്നു പോകാൻ സാധ്യത കൂടുതലാണെന്ന് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ആദ്യഘട്ട ചർച്ചകളിൽ സ്വകാര്യകമ്പനിയുടെ ജീവനക്കാരുടെ സേവനം ലഭ്യമാക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ കെഎസ്ആർടിസി ജീവനക്കാർ ഇത് കൈകാര്യം ചെയ്യണമെന്ന നിലപാടിലാണ് സ്വകാര്യ കമ്പനി.
സ്വകാര്യ കമ്പനിയുടെ സേവനം തേടിയത് അഴിമതിക്ക് വേണ്ടിയാണെന്ന് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റീസും തൊഴിലാളി സംഘടനയായ ഐടിഇഎഫും ആരോപിച്ചു.