മയക്കുമരുന്നിനെതിരേ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിരോധ സദസുകൾ നടത്തി
Monday, March 31, 2025 4:52 AM IST
കൊച്ചി : മയക്കുമരുന്ന് മുക്ത കേരളത്തിനായി കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ സദസുകള്‍ നടത്തി. കേരളത്തിലാകെ ആയിരത്തോളം സ്ഥലങ്ങളില്‍ പ്രതിരോധ സദസുകള്‍ സംഘടിപ്പിച്ചു. ലഹരിക്കെതിരായ ജനകീയ മുന്നേറ്റത്തിന് ശക്തി പകരാന്‍ ലഹരി വിരുദ്ധ കര്‍മസേന രൂപീകരിക്കുകയും ചെയ്തു. പ്രതിരോധ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പടവരാട് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ നിര്‍വഹിച്ചു.
കേരളത്തിന്റെ വരും തലമുറയെ ഇല്ലാതാക്കുന്ന മയക്കുമരുന്ന് രാസലഹരിക്കെതിരേ ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഡോ. കെ.എം. ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, ട്രീസാ ലിസ് സെബാസ്റ്റ്യന്‍, ബെന്നി ആന്റണി, തോമസ് ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഏപ്രില്‍ 27ന് പാലക്കാട്ട് നടക്കുന്ന മഹാറാലിയില്‍ ലഹരി മാഫിയയ്ക്കെതിരേ പതിനായിരങ്ങള്‍ അണിനിരക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.